WAY TO ISLAM: ഹദീസും മുജ്തഹിദും
|

ഹദീസും മുജ്തഹിദും


മറ്റു വൈജ്ഞാനിക ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഢിത്യം നേടിയെങ്കിലേ ഒരാള്‍ മുജ്തഹിദാകൂ. മദ്ഹബിന്റെ ഇമാമുകള്‍ ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മതയുള്ളവ രായിരുന്നു. നാലാമത്തെ ഇമാമായ അഹ്മദുബിന്‍ ഹമ്പലിനോട് ഒരാള്‍ ഒരു ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയാല്‍ മുജ്തഹിദാകുമോ എന്നു ചോദിക്കുകയുണ്ടായി. ‘ഇല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂന്നു ലക്ഷത്തെകുറിച്ചു ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു ഇമാമിന്റെ പ്രത്യുത്തരം. എന്നാല്‍ നാലുലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയ ഒരാള്‍ക്കു മുജ്തഹിദാകാമോ?’ അവസാനം ചോദിക്കപ്പെട്ടു: ‘ആകാമെന്നാണ് എന്റെ പ്രതീക്ഷ.’ അദ്ദേഹം മറുപടി കൊടുത്തു. ഈ സംഭവം ഇബ്നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ ‘ഇഅ്ലാമുല്‍ മുവഖിഈന്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. (അശദ്ദുല്‍ ഇജ്തിഹാദ് പേജ് 16).
എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ അഞ്ചുലക്ഷം എന്നാണുള്ളത്. ശാഹ്വലിയുല്ലാഹി (റ) പറയുന്നത് കാണുക : “ഫിഖ്ഹിന്റെ ക്രമീകരണം ധാരാളം ഹദീസുകളുടെ ശേഖരണത്തെ ആസ്പദിച്ചാണ് നിലകൊണ്ടിരുന്നത്. അഹ്മദുബിന്‍ ഹമ്പലിനോട് ഒരു ലക്ഷം ഹദീസ് മതിയാകുമോ മുഫ്തിയാകാന്‍ എന്നു ചോദിച്ചപ്പോള്‍, ‘പോരാ’ എന്നായിരുന്നു മറുപടി. അവസാനം അഞ്ചുലക്ഷം മതിയാകുമോ എന്നു ചോദിച്ചപ്പോള്‍ ‘ആകാമെന്നു പ്രതീക്ഷിക്കുന്നു’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്”. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-50).
‘അഞ്ചുലക്ഷം മനഃപാഠമാക്കിയ ഒരു പണ്ഢിതന്‍’ അല്ലെങ്കില്‍ അഞ്ചുലക്ഷം ഹദീസ് ഇന്നെവിടെ? ഉണ്ടെങ്കിലല്ലെ പഠിക്കുക? ഇതില്‍ നിന്നെല്ലാം നാലു മദ്ഹബുകള്‍ തഖ്ലീദു ചെയ്യുന്നതിന്റെ രഹസ്യം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്. ഹദീസ് പണ്ഢിതനായതു കൊണ്ട് മാത്രം ഒരാള്‍ മുജ്തഹിദ് ആവുകയുമില്ല. ഹദീസുകളില്‍ വിവിധ ഇനങ്ങളുടെ അന്തരാര്‍ഥം ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കില്‍ ഇബ്നു തൈമിയ്യയെ പോലുള്ള ചില മുഹദ്ദിസുകള്‍ക്ക് സംഭവിച്ചതുപോലെ വഴിതെറ്റിപ്പോകാനിടവരും (ഫതാവല്‍ ഹദീസിയ്യ പേ.242).

Posted by Admin on 23:27. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response