WAY TO ISLAM: 2012

തവസ്സുല്‍

ഇടതേടുക’ എന്നാണ് തവസ്സുലിന്റെ ഭാഷാര്‍ഥം. സല്‍കര്‍മങ്ങളോ, സല്‍കര്‍മങ്ങള്‍ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനാണ് സാങ്കേതികമായി തവസ്സുല്‍ എന്ന് പറയുന്നത്. ഉദാഹരണം: ഒരാള്‍ രോഗം ഭേദമാകുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. കൂട്ടത്തില്‍, നബി(സ്വ)യുടെ ബറകതു കൊണ്ട് എന്നുകൂടി ചേര്‍ക്കുന്നു. അല്ലാഹുവിന്റെ ദാത്തിലോ (സത്ത) അഫ് ആലിലോ (പ്രവര്‍ത്തനം) സ്വിഫാതിലോ (വിശേഷണം) പങ്കുചേര്‍ക്കുമ്പോഴാണല്ലോ ശിര്‍ക്കാവുക. മുസ്ലിംകള്‍ ചെയ്യുന്ന തവസ്സുലില്‍ ഈ പങ്കുചേര്‍ക്കല്‍ വരുന്നുണ്ടോ? ആലോചി ക്കുക.
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ ഇസ്ലാമിക പ്രമാണങ്ങള്‍ തവസ്സുല്‍ അംഗീക രിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു.
നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും” (അന്നിസാഅ് 64).
ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:
“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോള്‍ അവര്‍ സമീപിക്കുന്നത് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികള്‍ക്കുമിടയില്‍ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാള്‍ (അല്ലാഹുവിനും സൃഷ്ടികള്‍ക്കു മിടയില്‍) ഇടയാളനായാല്‍, തീര്‍ച്ചയായും അല്ലാഹു അവിടുത്തെ ശിപാര്‍ശ നിരസിക്കുകയില്ല” (റാസി 10/163).
ഇതേ സൂക്തം റൂഹൂല്‍ബയാന്‍ വിശദീകരിക്കുന്നു:
തീര്‍ച്ചയായും നബി (സ്വ) ജനങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലുള്ള (വസീല) മാധ്യമമാണ്. പ്രാര്‍ഥനക്കു മുമ്പ് ഒരു വസീല ആവശ്യമാണ്. അല്ലാഹുവിലേക്ക് നിങ്ങള്‍ വസീലയാക്കുകയെന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു” (റൂഹുല്‍ബയാന്‍ 7/230).
തവസ്സുല്‍ വിരോധികള്‍ അംഗീകരിക്കുന്ന ശൌകാനി മേല്‍സൂക്തം ഇങ്ങനെ വ്യാഖ്യാനിക്കുന്നു:
അങ്ങയെക്കൊണ്ട് ഇടതേടുന്നവരായും തെറ്റുകളില്‍ നിന്ന് മോചനം തേടുന്നവരായും അവര്‍ വന്നാല്‍‘ (ഫത്ഹുല്‍ഖദീര്‍ വാ. 1/729).
നബി(സ്വ)യെക്കൊണ്ട് ഇടതേടാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് വിശദീകരിക്കുന്നു. ശൌകാനി പോലും സമ്മതിക്കുന്ന ഈ കാര്യം അംഗീ കരിക്കാന്‍ ചില പരിഷ്കരണവാദികള്‍ക്കു കഴിയാത്തതു ദുര്‍വാശികൊണ്ടു മാത്രമാണ്.
അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി, വാ. 1,/137).
നബി (സ്വ) യെയും അബ്ബാസ്(റ)നെയും ഉമര്‍(റ)തവസ്സുലാക്കി ദുആ ചെയ്തുവെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
ഉസ്മാനുബ്നു ഹുനൈഫില്‍ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാന്‍ നബിയേ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം. എന്നു പറഞ്ഞു. അപ്പോള്‍ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേശിച്ചത്. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പൂര്‍ണ രൂപത്തില്‍ വുളൂഅ്  ചെയ്തശേഷം താഴെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു.
അല്ലാഹുവേ, നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി(സ്വ)യെക്കൊണ്ട് നിന്നിലേക്ക്  ഞാന്‍ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ, തീര്‍ച്ചയായും ഞാന്‍ തങ്ങളെ മുന്‍നിര്‍ത്തി എന്റെ ആവശ്യത്തില്‍ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു. എന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാന്‍ വേണ്ടി അല്ലാഹുവേ, എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ ശിപാര്‍ശ നീ സ്വീകരിക്കേണമേ‘ (തിര്‍മുദി 10/32).
ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തുര്‍മുദി ഇമാം വ്യക്തമാക്കിയിരിക്കുന്നു. മേല്‍ ഹദീസിന്റെ നിവേദകന്മാരില്‍ വന്നിട്ടുള്ളത് അബൂജഅ്ഫറുല്‍ റാസിയാണെന്നും ഖതമിയല്ലെന്നുമുള്ള തിര്‍മുദിയുടെ പ്രസ്താവന ഇബ്നുതൈമിയ്യഃ ഇപ്രകാരം തിരുത്തുന്നു.
‘മറ്റു പണ്ഢിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅ്ഫറുല്‍ ഖതമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം’ (ഫതാവാ ഇബ്നുതൈമിയ്യഃ 1/190).
ഹദീസിന്റെ പരമ്പരയില്‍ ദുര്‍ബലനായ അബൂജഅ്ഫറുര്‍റാസി ഇല്ലെന്നും സ്വീകാര്യ നായ ഖതമിയാണുള്ളതെന്നും വ്യക്തമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു. നബി(സ്വ)യുടെ വഫാതിനുശേഷവും സ്വഹാബിമാര്‍ തവസ്സുല്‍ ഉള്‍ക്കൊ ള്ളുന്ന ഈ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നതായി പണ്ഢിതന്മാര്‍ വിശദീകരിക്കുന്നു (വഫാ ഉല്‍വഫാ, 4/1373).
ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ?

11:22 | Posted in | Read More »

തവസ്സുല്‍ ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍

തവസ്സുല്‍ – മാധ്യമമാക്കല്‍ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യംനില്‍ക്കുന്നുവെന്ന പ്രചരണത്തില്‍ തരിമ്പും കഴമ്പില്ല. പ്രത്യുത ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും കര്‍മ്മശാസ്ത്രത്തിലും സമൃദ്ധമായി കാണാവുന്ന ചര്യയാണിത്.
അല്ലാഹു ഭൂമിയില്‍ ‘ഖലീഫഃയെ നിശ്ചയിച്ചത് കാര്യങ്ങള്‍ നേരിട്ട് നടത്താന്‍ കഴിയാത്തത് കൊണ്ടല്ല. ഇസ്ലാം മതം ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ അല്ലാഹു ലക്ഷക്കണക്കിന് അമ്പിയാക്കളെ മാധ്യമമാക്കിയത്  മതനിയമങ്ങള്‍ ഓരോരുത്തര്‍ക്കും നേരിട്ട് നല്‍കുന്നത് പ്രയാസമായതിനാലല്ല. മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അല്ലാഹുവിന്റെ ചര്യയുടെ ഭാഗമാണ്. അതിനാലാണ് അമ്പിയാക്കള്‍ക്ക് വഹ്യ് എത്തിച്ചുകൊടുക്കാന്‍ മലകുകളെ അല്ലാഹു മാധ്യമമാക്കിയത്.
എത്രായിരം വസീല: (മാധ്യമം) കളിലൂടെയാണ് ഇസ്ലാമിക വിശ്വാസവും കര്‍മ്മശാസ്ത്രവും സംസ്കാരവും പുതിയ മുസ്ലിം തലമുറക്ക് കിട്ടിയത് ? യുഗങ്ങളുടെ വിയര്‍പ്പും കണ്ണീരും നാഡിമിടിപ്പുകളും തപസ്യകളും……. ജിബ്രില്‍ ‘വസീലയായി തിരുനബിക്ക് ലഭിച്ച ഖുര്‍ആന്‍ സ്വഹാബികളും അവരുടെ ത്യാഗോജ്വലമായ ജീവിതം വസീലയായി താബിഉകള്‍ക്കും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ വിപ്ളവങ്ങളും തലമുറകളുടെ സൂക്ഷിപ്പുകളും വസീലയായി കോടാനുകോടി പിന്നെയും പിന്നെയും കോടി വസീലകളിലൂടെ ഇസ്ലാമും  നിസ്കാരാദി കര്‍മ്മങ്ങളും നമുക്ക് കിട്ടി. ഈ വസീലകളെയെല്ലാം മാറ്റിനിര്‍ത്തി നിയമനിര്‍മ്മാണവും അതിന്റെ നടത്തിപ്പും ആകാമായിരുന്നു; എന്നിട്ടും അവന്‍ വസീലയെ സ്വീകരിച്ചു. ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍ തവസ്സുലിനുള്ള ഇടം ഇത് അടയാളപ്പെടുത്തുന്നുണ്ട്. സൃഷ്ടികളോട് ബന്ധപ്പെടുന്നതില്‍ അല്ലാഹു തവസ്സുല്‍ (മാധ്യമത്തെ സ്വീകരിക്കല്‍) ഒരു ചര്യയായി സ്വീകരിച്ചിട്ടും സ്രഷ്ടാവിനോട് ബന്ധപ്പെടുന്നതില്‍ അത് പാടില്ലെന്ന് അവന്റെ അനുവാദമില്ലാതെ ചില സൃഷ്ടികള്‍ ഇവിടെ ശഠിക്കുന്നു.
അല്ലാഹുവിന്റെ ഗുണഗണങ്ങള്‍ ഓരോന്നായി പറഞ്ഞ് പറഞ്ഞ് അല്ലാഹുവിനോട് നേരിട്ട് സംഭാഷണം ചെയ്യുന്ന നിമിഷം പോലും മഹാന്മാരെ കൂട്ടുപിടിച്ചുകൊണ്ടാണ് അടിമ ഉടമയുമായി മുനാജാത്തിലേര്‍പ്പെടുന്നതെന്നത് ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍ തവസ്സുലിന്റെ സ്ഥാനം വ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്.
അല്ലാഹുവിനെ ‘മുഖാമുഖം’ കാണുമ്പോള്‍ പോലും “ഞാന്‍” “എന്റെ ദൈവം” എന്ന സങ്കുചിത്വത്തിന്റെ ഉല്‍പതിഷ്ണു മനോഗതം മാറ്റണമെന്നും ‘ഞാനിസത്തിന്റെ ഷെല്ലുകളില്‍ നിന്ന് ‘ഞങ്ങളുടെ’ വിശാലതയിലേക്ക് വികസിക്കണമെന്നും ‘ഫാത്തിഹഃ’യില്‍ ആവര്‍ത്തിക്കപ്പെടുന്ന ‘നൂനുകള്‍ (ഇഹ്ദിനാ, നഅ്ബുദു, നസ്തഈന്‍)  നമ്മെ പഠിപ്പിക്കുന്നു. ഇമാം റാസി(റ)നിസ്കാരത്തിന്റെ പ്രാരംഭത്തില്‍ നിര്‍വഹിക്കപ്പെടുന്ന ഫാതിഹഃയിലെ ഈ തവസ്സുലിനെ സുന്ദരമായി വ്യാഖ്യാനിച്ചിട്ടുണ്ട്.
നാഥാ ! എന്റെ ആരാധന സ്വന്തമായി പറയപ്പെടാന്‍ മാത്രം പ്രാപ്തമല്ല. കാരണം അത് വീഴ്ചകള്‍ പൂണ്ടതാണ്. അതിനാല്‍ മുഴുവന്‍ ഉപാസകരുടെ ഉപാസനയോടെ എന്റെ ആരാധനയെ ഞാന്‍ കലര്‍ത്തിവെയ്ക്കുന്നു. അങ്ങനെ ഒരൊറ്റ ഇബാദത്തിനെകൊണ്ട് എല്ലാവരെയും ഞാന്‍ പറയുന്നു. (ഓര്‍ക്കുന്നു.) ……. എന്റെ ഇബാദത്തുകള്‍’ സ്വീകാര്യമല്ലെങ്കില്‍ തന്നെയും എന്നെ നീ തള്ളരുതെ, കാരണം ഈ ഇബാദത്തില്‍ ഞാന്‍ ഒറ്റക്ക് മാത്രമല്ല ഉള്ളത്. മറിച്ച് ഞങ്ങള്‍ ധാരാളം ആളുകളുണ്ട്. അതിനാല്‍ സ്വീകരിക്കപ്പെടാനും ഉത്തരം ലഭിക്കാനും ഞാന്‍ അര്‍ഹനല്ലെങ്കില്‍ മറ്റുള്ള മുഴുവന്‍ ഉപാസകരുടേയും ആരാധനകളെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ശിപാര്‍ശ തേടുന്നു. അതിനാല്‍ (അവരുടെ ഇബാദത്ത് കൊണ്ട്) എന്നെ നീ സ്വീകരിക്കണമെ എന്നാണ് ‘ഇയ്യാക്കനഅ്ബുദു’ വിലൂടെ അടിമ പറഞ്ഞുകൊണ്ടിരിക്കുന്നത്. (തഫ് സീറുല്‍ കബീര്‍ 1/252)
ഇമാം ബൈളാവി (റ) പറയുന്നു.:“രണ്ടു ക്രിയകളിലും (നഅ്ബുദു, നസ്തഈന്‍) അടങ്ങിയസര്‍വ്വനാമം പാരായണം ചെയ്യുന്നവനേയും സംരക്ഷകരായ മലകുകളേയും നിസ്കാരത്തിന് സന്നിഹിതരായവരേയും മറ്റ് മുഴുവന്‍ ഏകദൈവവിശ്വാസികളേയും ഉദ്ദേശിച്ചുള്ളതാണ്.  തന്റെ ആരാധനയെ അവന്‍ അവരുടെ ആരാധനയുമായി കലര്‍ത്തുകയും തന്റെ ആവശ്യ ത്തെ അവരുടെ ആവശ്യങ്ങളുമായി ചേര്‍ക്കുകയും ചെയ്തു. തന്റെ ആരാധന അവരുടെ ബറകത് കൊണ്ട് സ്വീകരിക്കയും ഉത്തരം ചെയ്യപ്പെടുകയും ചെയ്തേക്കാം. ഇതിനാണ് ‘ജമാ – അത്ത്’ മതനിയമമാക്കിയത്……. ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒരു വസീല: യെ മുന്നില്‍ വെയ്ക്കുന്നത് പെട്ടെന്ന് ഉത്തരം കിട്ടുവാന്‍ നിമിത്തമാകുമെന്ന്  ഇതില്‍നിന്ന് മനസ്സിലാകുന്നു.” (ബൈളാവി 1: 43,44)
ഇതുകൊണ്ടൊക്കെത്തന്നെ ഇസ്ലാമിക സംസ്കാരത്തില്‍ തവസ്സുല്‍, ആദം നബി മുതല്‍ മുഹമ്മദ് മുസ്തഫ തങ്ങള്‍ വരെയും അവിടം മുതല്‍ മുഴുവന്‍ തീവ്രവാദികളുടെ എതിര്‍പ്പുകള്‍ക്ക് ശേഷവും വര്‍ത്തമാന കാലം വരെയും തുടര്‍ന്ന് ലോകാന്ത്യം വരെ ബര്‍സഖീ ജീവിതത്തിലും പിന്നീട് മഹ്ശറിലും തുടര്‍ന്നുകൊണ്ടേയിരിക്കും.

11:21 | Posted in | Read More »

തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍

സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല, പ്രായോഗിക തലത്തില്‍ തന്നെ മതവുമായി ഒട്ടി നില്‍ക്കുന്ന ഒരു സംസ്കാരമാണ് തവസ്സുല്‍. അതിന് ആദം നബിയോളം പഴക്കമുണ്ട്. സ്വര്‍ഗം വരെ അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
ആദം നബിയുടെ തവസ്സുല്‍
മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.
ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371
റാവിമാരെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി വല്ല മൈനസ് മാര്‍ക്കുകളും കണ്ടെത്തി ‘വാറോല’ എന്ന് അപരനാമം കൊടുത്തു വലിച്ചെറിയാന്‍ വിധേയത്വത്തിന് ഒരുക്കമല്ലാത്ത സങ്കുചിത തൌഹീദ് വാദികള്‍ക്ക് സാധിച്ചേക്കാം. പക്ഷേ, അങ്ങനെ വരുമ്പോള്‍ ഒരു ശിര്‍ക്ക് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ആദം നബിയുടേയും തിരുനബിയുടേയും മേല്‍ കള്ളം ചാര്‍ത്തുന്ന വാറോലയുടെ പ്രചാരകരാണ് മേല്‍ചൊന്ന മഹാന്മാര്‍ എന്ന് സമ്മതിക്കേണ്ടിവരും. ഹൃദയമില്ലാത്ത തീവ്രവാദം പക്ഷേ അതിനും മടിക്കില്ല.

11:20 | Posted in | Read More »

തവസ്സുല്‍ പാരമ്പര്യ മുസ്ലിം ജീവിതത്തില്‍

ആദം നബി (അ) ല്‍ നിന്ന് തുടങ്ങി അംബിയാ മുര്‍സലുകളിലൂടെയും പൂര്‍വ്വ സമുദായങ്ങളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും നിലനിന്ന ഒരു ചര്യ പിന്‍തലമുറകളായ അവിടുത്തെ സമുദായം ഉപേക്ഷിക്കാതിരുന്നതില്‍ അതിശയകരമായി ഒന്നുമില്ല. പാരമ്പര്യ മുസ്ലിമുകളുടെ ജീവിതരീതിയുമായി തവസ്സുല്‍ ഒട്ടി നില്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല.
ഖുര്‍ആനിലും ഹദീസിലും ഖനനം നടത്തിയ പണ്ഢിതര്‍ തവസ്സുലിന് പച്ചക്കൊടി കാണിച്ചതും പ്രോത്സാഹിപ്പിച്ചതും മതഗ്രന്ഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
മുസ്ലിം ഭരണാധികാരിയായിരുന്ന അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി (സ്വ) യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു. ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി (സ്വ) യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത്. അപ്പോള്‍ ഇമാം മാലിക് (റ) പറഞ്ഞ മറുപടി തിരുനബിയെ കുറിച്ചുള്ള പണ്ഢിത കാഴ്ചപാടിന്റെ ആവിഷ്കാരമാണ്. മാലിക് (റ) പറഞ്ഞു:.
എന്തിന് തിരുനബിയില്‍ നിന്ന് നീ മുഖം തിരിക്കണം? അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബിയിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ. നിങ്ങളുടെ വിഷയത്തില്‍ നബി (സ്വ) യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. (അശ്ളിഫാ യ്യ ഖാദീഇയാദ് 2 :41)
ഗുരു മുഹ്യിദ്ദീന്‍ അബ്ദുഖാദിര്‍ ജീലാനീ(റ) പറയുന്നു: പ്രപഞ്ചത്യാഗികളെക്കൊണ്ടും സച്ചരിതരെക്കൊണ്ടും ജ്ഞാനവും ശ്രേഷ്ഠതയും മതനിഷ്ഠയുള്ളവരെക്കൊണ്ടും തവസ്സുല്‍ ചെയ്യല്‍ സുന്നത്താണ് (ഗുന്‍യാ 2/128). ശൈഖ് തുടരുന്നു: ‘നബി (സ്വ) യുടെ ഖബര്‍ സിയാറത്ത് വിവരിക്കുന്ന സ്ഥലങ്ങളില്‍, തിരുഖബറിലേക്ക് മുഖം തിരിക്കലും ആവശ്യനിര്‍വഹണത്തിലും ദോഷം പൊറുക്കുന്നതിലും തിരുനബിയെ തവസ്സുല്‍ ചെയ്യുന്നതും സുന്നത്താണെന്നാണ്, നാല് മദ്ഹബിന്റെയും ധാരാളം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത’ (ഗുന്‍യ 2/90)
ഇമാം നവവി (റ) ശറഹുല്‍ മുഹദബ് 2/224, അദ്കാര്‍ 92 ഈളാഹ് 48, എന്നിവയിലും ഇമാം മഹല്ലി കന്‍സുര്‍റാഗിബിന്‍ 2/126 ലും ഇമാം കുര്‍ദി ഫതാവല്‍കുര്‍ദിയിലും (25), ഇമാം റംലി നിഹായ 3/310 ലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
പുരോഗമന ചിന്താഗതിക്കാരനായ ശൌകാനി പോലും പറയുന്നതിങ്ങനെ:
തിരുനബിയെക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നത് അവിടുത്തെ ജീവിതകാലത്തോ വഫാത്തിന് ശേഷമോ അവിടുത്തെ സാന്നിധ്യത്തിലോ അഭാവത്തിലോ ആവാം. നബി (സ്വ) യെക്കൊണ്ട് അവിടുത്തെ ജീവിതകാലത്തും മറ്റുള്ളവരെക്കൊണ്ട് അവിടുത്തെ വഫത് ശേഷവും തവസ്സുല്‍ ഉണ്ടായത് സ്വഹാബത്തിന്റെ അഭിപ്രായൈക്യത്തോടെതന്നെ സ്ഥിരപ്പെട്ടിരിക്കുന്നു. (തുഹ്ഫ തുല്‍അഹ്വദി 10:35)
മുസ്ലിം സംസ്കാരവുമായി അലിഞ്ഞ് ചേര്‍ന്ന ആചാരമാണ് ‘തവസ്സുല്‍’ എന്നതിന് ഇനിയുമെന്തിന് തെളിവുകള്‍ വേണം? എന്നാല്‍ ഐഹിക ജീവിതത്തില്‍ മാത്രമല്ല ബര്‍സഖീ ജീവിതത്തിലും പരലോകജീവിതത്തിലും തവസ്സുല്‍ നടക്കുന്നുണ്ട് എന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ സംസാരിക്കുന്നത്.

11:20 | Posted in | Read More »

സ്വഹാബികളു നിലപാട്

നബി (സ്വ) യില്‍ നിന്ന് മതം പഠിച്ച സ്വഹാബത്തും തവസ്സുലില്‍ ഭീകരത കണ്ടിരുന്നില്ല. മറിച്ച് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു തവസ്സുല്‍. ക്ഷാമം നേരിടുമ്പോള്‍ സച്ചരിതരെ മാധ്യമമാക്കി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക അവരുടെ ശൈലിയായിരുന്നു. അനസ് (റ) പറയുന്നു.
ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഉമര്‍(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുല്‍ ചെയ്തു. ഇങ്ങനെ പ്രാര്‍ഥിക്കയുണ്ടായി. ‘നാഥാ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ ഇടയാള നാക്കി നിന്നോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അങ്ങനെ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നിതാ ഞങ്ങള്‍ നിന്റെ നബിയുടെ പിതൃവ്യനെ കൊണ്ട് തവസ്സുല്‍ ചെയ്ത് നിന്നോട് പ്രാര്‍ഥിക്കുന്നു. നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരണേ. ഈ പ്രാര്‍ഥന കാരണം അവര്‍ക്ക് മഴ വര്‍ഷിക്കപ്പെട്ടിരുന്നു. (ബുഖാരി 1/137)
അന്ധത പോലുള്ള ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ പോലും നബിയെ കൊണ്ട് സ്വഹാബികള്‍ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. ഒരുദാഹരണം കാണുക. ഉസ്മാനു ബ്നു ഹുനൈഫ് ഉദ്ധരിക്കുന്നു.:
അന്ധനായ ഒരു മനുഷ്യന്‍ നബി (സ്വ) യുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറയുകയുണ്ടായി. എന്റെ അനാരോഗ്യം (അന്ധത) പരിഹരിച്ച് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം നബി (സ്വ) പറഞ്ഞു. ഒന്നുകില്‍ ഞാന്‍ പ്രാര്‍ഥിക്കാം, അല്ലെങ്കില്‍ നിനക്ക് ക്ഷമിക്കാം. നിന്റെ അഗ്രഹം  പോലെ, എന്നാല്‍ ക്ഷമിക്കുന്നതാണ് നിനക്ക് ഉത്തമം. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് നന്നായി വുളു ചെയ്ത് ഇങ്ങനെ ദുആ ചെയ്യാന്‍ കല്‍പിച്ചു.
അല്ലാഹുവേ കാരുണ്യത്തിന്റെ പ്രവാചകനായ നിന്റെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യെ മുന്‍ നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു. മുഹമ്മദ് (നബിയേ) എന്റെ ഈ ഉദേശ്യം സാധിച്ച് കിട്ടുന്നതില്‍ അങ്ങയെ ഇടയനാക്കി ഞാനിതാ എന്റെ നാഥനിലേക്ക് മുന്നിടുന്നു. എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ… (തുര്‍മുദി 5-229) അബു ഇസ്ഹാഖ് (റ) പറയുന്നു. ഈ ഹദീസ് പ്രബലം തന്നെ. മുസ്നദ് അഹ്മദ് 4/131, ജാമിഉസ്സ്വഗീര്‍ 1/51, ജാമിഉല്‍കബീര്‍ 1/378, ഇബ്നുമാജു 99, ഹാകിം 1/131, ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
വഫാതിന് ശേഷം
നബി (സ്വ) യെ നേരിട്ട് വിളിച്ചും തവസ്സുല്‍ ചെയ്തുമുള്ള ഈ പ്രാര്‍ഥന അവിടുത്തെ വഫാതിന് ശേഷവും ഉപയോഗിച്ചിരുന്നു. ഹദീസിന്റെ നിവേദകനായ ഉസ്മാനുബ്നു ഹുനൈഫ് (റ) തന്നെ ഉസ്മാന്‍ (റ) കാലത്ത് ഒരാള്‍ തന്റെ ആവശ്യം ഉസ്മാന്‍ (റ) നെ അറിയിച്ചപ്പോള്‍ ഈ ദുആ പഠിപ്പിച്ച് കൊടുക്കുകയുണ്ടായി. ആ ദുആ നിര്‍വ്വഹിച്ച ഉടനെ അയാളുടെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ത്വബാറാനി തന്റെ മജ്മുഉ സ്സ്വാഗീറില്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. സ്വാഹീഹാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്   പേ. 103. വല്ല ആവശ്യങ്ങളുമുണ്ടായാല്‍ ഇപ്രകാരം ഈ ദുആ നിര്‍വ്വഹിക്കണമെന്ന് നബി (സ്വ) കല്പ്പിച്ചിട്ടുമുണ്ട്. അബൂബകറിബ്നു അബീ ഖുസൈമ തന്റെ താരീഖില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദക പരമ്പരയും സ്വഹീഹ് തന്നെയാണ്. ദുആഉല്‍ ഹാജ എന്ന പേരില്‍ ഈ ദുആ അറിയപ്പെടാനും കാരണം മറ്റൊന്നുമായാരിക്കില്ല.

11:19 | Posted in | Read More »

തവസ്സുല്‍ സാമൂഹികതയുടെ നേട്ടം

ഇസ്ലാം സ്നേഹത്തിന്റേയും ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേര്‍ന്നിരിക്കാനും ഹൃദയം പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു. അകറ്റിപ്പിടിക്കല്‍ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ. സങ്കുചിതത്വങ്ങളുമായി രാജിയാവാന്‍ അതൊരിക്കലും തയ്യാറായിട്ടില്ല.
ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ്  ലോക സംസ്കാരങ്ങളില്‍ ഇസ്ലാമിനെ വേറിട്ടു നിര്‍ത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ പഠിപ്പിച്ചു. ‘ഞാന്‍‘ എന്ന് കൊഴുത്ത അക്ഷരങ്ങളില്‍ മനസ്സുകളില്‍ കൊത്തിവെച്ചവര്‍ക്ക് വിധേയപ്പെടുവാനും വികാരങ്ങള്‍ പങ്കുവെക്കാനും കഴിയില്ല. അവര്‍ അവരവരുടെ സ്വകാര്യമായ നിഷ്ഠകളും ഇസ്തിരിയിട്ട ഉപചാരങ്ങളും സ്വകാര്യമുറിയിലിട്ട് അടച്ച് ഭദ്രമാക്കിയ ദൈവവുമായി എന്നും ജീവിതം തള്ളിനീക്കും. കൊട്ടിയടച്ച് സാക്ഷയിട്ട അവരുടെ മനസ്സുകള്‍ ആര്‍ക്ക്   വേണ്ടിയും തുറക്കപ്പെടില്ല.
ഞാന്‍, എന്റെ ആരാധനകള്‍, എന്റെ പ്രാര്‍ഥനകള്‍, എന്റെ ദൈവം, എന്റെ അഭിലാഷങ്ങള്‍, എന്റെ നേട്ടങ്ങള്‍, എന്റെ ആവശ്യങ്ങള്‍ ഇതാണ് മനോഭാവം. ‘ഞാന്‍’ തടിച്ചുകൊഴുക്കുന്ന രീതിയാണിത്. എനിക്ക് ആരുടേയും ഒത്താശ വേണ്ട, ആരുടേയും ശിപാര്‍ശ വേണ്ട, കല്‍പ്പിക്കപ്പെട്ട അനുസരണത്തിന് തയ്യാറാണെങ്കിലും ആരെയും ഉള്ള് തുറന്ന് സ്നേഹിക്കുവാനോ ആദരിക്കുവാനോ ഞാന്‍ തയ്യാറല്ല. അവരുടെയൊന്നും അനുകമ്പയും സഹായവുമില്ലാതെ തന്നെ പടച്ചവന്റെ മുമ്പില്‍ രക്ഷപ്പെടാന്‍ മാത്രം ഞാന്‍ ആരാധനകള്‍ ചെയ്തിട്ടുണ്ട്. കല്‍പ്പിക്കപ്പെട്ടതെല്ലാം മുറപോലെ ചെയ്ത സ്ഥിതിക്ക് നീതിമാനായ ദൈവം സ്വര്‍ഗ്ഗമെന്ന എന്റെ അവകാശം ആരുടേയും ശിപാര്‍ശയൊന്നുമില്ലാതെ എനിക്ക് തന്നേ തീരൂ. മതയുക്തിവാദിയുടെ ഹുങ്കാരം വളര്‍ന്ന് വികസിക്കുന്നതിങ്ങനെയാണ്.
ഇസ്ലാം എന്നാല്‍ വിധേയത്വം എന്നാണര്‍ഥം. തന്നെ സ്ര്ഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണം. ഇത് അതിന്റെ ഹൃദയഭാഷയില്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുകയും തദ്വാരാ അവന്റെ സ്നേഹത്തിനും പ്രത്യേകമായ പരിഗണനക്കും പാത്രീഭവിക്കുകയും ചെയ്തവരെക്കൂടി സ്നേഹിക്കുകയും ആദരിക്കുകയും അവര്‍ക്ക് വിധേയപ്പെടുകയും അവരുടെ തുണിക്കോന്തലകളില്‍ ഒട്ടിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നത് വ്യാകരണങ്ങളുടെ ഒരു സങ്കീര്‍ണ്ണതയും തൊട്ടുതീണ്ടാത്ത അതി ലളിതമായ സത്യമാണ്. സ്നേഹമെന്തെന്നറിയാത്ത (സ്നേഹിക്കുവാന്‍ സ്നേഹമെന്തെന്ന് അറിയേണ്ടതില്ലല്ലോ). കൊച്ചുകുട്ടിക്കു പോലും ഈ സമവാക്യം ബോധ്യപ്പെടും. ഇഷ്ടദാസരോട് ചെയ്യുന്ന അടുപ്പവും വണക്കവും ആദരവും അല്ലാഹുവോട് ചെയ്യുന്ന പരമമായ വണക്കമാണെന്നതും (ഇബദത്താണെന്നതും) ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്നാല്‍, പടച്ചവന്റെ കഴിവുകള്‍ക്കും അവന്റെ കഴിവുകളുടെ പ്രധാനത്തിനും പരിധികളും പരിമിതികളും പറഞ്ഞുതന്ന മതപരിഷ്കരണവാദികള്‍, സ്നേഹത്തിനേയും ആദരവിനേയും മൈക്രോസ്കോപ്പുകള്‍ കൊണ്ട് അളക്കുകയും അല്ലാഹുവിന്റെ ഇഷ്ടദാസന്മാ രോടുണ്ടാകേണ്ട സ്വാഭാവികമായ അടുപ്പത്തേയും വണക്കത്തേയും സ്നേഹത്തേയും വിധേയത്വത്തേയും അല്ലാഹുവോടുള്ള വണക്കത്തിന്റെ കണക്കില്‍ എണ്ണുന്നതിന് പകരം അവന്റെ ശത്രുപക്ഷത്ത് സൃഷ്ടിക്കുകയും ചെയ്തു. അല്ലാഹുവോട് പ്രാര്‍ഥിക്കുമ്പോള്‍ പ്രവാചകന് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനത്തെക്കൂടി മുന്‍നിര്‍ത്തി ചോദിച്ചു പോയാല്‍ അല്ലാഹു കോപിക്കുമത്രേ!
അങ്ങയുടെ പരിപാലകന്‍ അങ്ങയെ വെടിഞ്ഞിട്ടില്ല; വെറുത്തിട്ടുമില്ല(93 :3).അങ്ങയുടെ രക്ഷകന്‍ അങ്ങേക്ക് തൃപ്തിയാകുവോളം നല്‍കിക്കൊണ്ടിരിക്കും‘ 93:5). എന്ന് അരുളപ്പാട് ചെയ്ത അല്ലാഹു അവന്റെ ഇഷ്ടദാസന്റെ പേര് കേള്‍ക്കുമ്പോള്‍ കോപിക്കുമെന്നോ? സ്നേഹിക്കാന്‍ ഒരുക്കമല്ലാത്ത ഈ ഭ്രാന്തമായ തത്വശാസ്ത്രത്തിന്റെ വക്താവായി അവര്‍ വദൂദും (സ്നേഹിക്കുന്നവന്‍) റഹീമു(കരുണ ചെയ്യുന്നവന്‍) മായ അല്ലാഹുവിനെ മനസ്സിലാക്കിപ്പോയോ?
അടച്ചുപൂട്ടിയ ഹൃദയത്തിന്റെ രോഷപ്രകടനമാണ് തവസ്സൂലടക്കമുള്ള സാമ്പ്രദായിക മുസ്ലിം ശീലങ്ങള്‍ക്കെതിരെയുള്ള തീവ്രാക്രമണങ്ങളെന്നുള്ളതിന് ഇനിയും തെളിവുകളെന്തിന്? ഹബീബിനെ പറയുമ്പോള്‍ മഹ്ബൂബ് കോപിക്കുമെന്ന് പഠിപ്പിക്കുന്ന ഫിലോസഫിക്ക് ഹൃദയമുണ്ടോ? ധിഷണയുണ്ടോ? കണ്ണും കരളുമുണ്ടോ? വരട്ടു തത്ത്വശാസ്ത്രമെന്നൊക്കെ ഇതിനെയാണ് വിളിപ്പേരിടേണ്ടത്.
അല്ലാഹുവേ! നിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബിയെകൊണ്ട് ഞങ്ങളെ നീ രക്ഷിക്കണമേ എന്ന പ്രാര്‍ഥന കരളുപൊട്ടിയൊഴുകുമ്പോള്‍, അല്ലാഹുവിന്റെ അടുക്കല്‍ തിരുനബിക്കുള്ള സ്ഥാനവും ബഹുമാനവും സഹായവും തന്റെ ആവശ്യപൂര്‍ത്തീകരണത്തിന് നിമിത്തമായി ഭവിക്കുമെന്നാണ് ഒരു പാരമ്പര്യ ഇസ്ലാം മതവിശ്വാസി മനസ്സിലാക്കുന്നത്. തന്റെ കണ്ഠനാഡിയേക്കാള്‍ തൊട്ടടുത്തുണ്ടായിട്ടുപോലും താന്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് തൊട്ടുകാണിച്ചുതന്നത് ആ നബിയാണ്. ലക്ഷ്യം കണ്ടെത്തിയപ്പോള്‍ വഴികാട്ടിയെ മറക്കുന്ന ധിക്കാരം വിധേയത്വമുള്ള വിശ്വാസിക്ക് ഭൂഷണമല്ല. അവന്‍ ആ വഴികാട്ടിയുടെ കരം പിടിച്ചു കൊണ്ട് തന്നെ അല്ലാഹുവുമായി മുഖാമുഖം സംസാരിക്കുന്നു. താഴ് മയോടെ.
യുക്തി വാദി പറയുന്നത് ന്യായമാണ്. ‘വഴികാണിക്കുന്നതോടെ വഴികാട്ടിയുടെ ദൌത്യം അവസാനിച്ചു. ലക്ഷ്യം കണ്ടാല്‍ അയാള്‍ക്ക് അയാളുടെ വഴിക്ക് പോകാം. പിന്നെ അയാളുടെ കോന്തലയില്‍ തൂങ്ങേണ്ട കാര്യമില്ല. മധ്യസ്ഥന്റെ ആവശ്യമില്ല. അയാളുടെ ശിപാര്‍ശ വേണ്ട. തേടിയ വള്ളി അടുത്തുതന്നെയുണ്ട്. കണ്ഠനാഡിയേക്കാള്‍ അടുത്ത്. ഇനി ഇടങ്കോലിട്ട് ശുയിപ്പുണ്ടാക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കല്‍പ്പിക്കാം; ഞാന്‍ അനുസരിക്കാം പട്ടാളചിട്ടയോടെ; പക്ഷേ, എന്റെ ഹൃദയം പറിച്ച് തരാന്‍ തയ്യാറല്ല. തരിമ്പും’ ഇതിന്റെ പേരാണ് ധിക്കാരം. പറയുന്നത് ന്യായമാണ്. പക്ഷേ, എല്ലാ ന്യായവും നീതിയല്ല.
എന്നാല്‍ സ്രഷ്ടാവിനോട് ബന്ധപ്പെടുന്ന വിഷയത്തില്‍ അവന്‍ തന്നെ ചില മാധ്യമങ്ങളെ വെച്ചിട്ടുണ്ടെന്ന് മതയുക്തിവാദികള്‍ സമ്മതിക്കേണ്ടിവരും. കണ്ഠനാഡിയേക്കാള്‍ അടുത്തുതന്നെ അല്ലാഹു ഉണ്ടായിട്ടും അവനെ വണങ്ങാനും അവനോട് ചോദിക്കാനും പള്ളിയേയും കല്ലിനേയും (ഹജറുല്‍ അസ്വദ്) മിനാറിനേയും സംഘബലത്തേയും (ജമാഅത്ത്), പുണ്യസ്ഥലങ്ങളേയും (മക്ക), പുണ്യസമയങ്ങളേയും (ലൈലത്തുല്‍ ഖദ്ര്‍) പുണ്യ പുരുഷന്‍മാരേയും (പ്രവാചകന്മാരെ വിശ്വസിക്കുക, സ്നേഹിക്കുക, ആദരിക്കുക) നിഷ്ഠകളേയും ആചാരങ്ങളേയുമൊക്കെ മാധ്യമമാക്കാന്‍ (തവസ്സുല്‍ ചെയ്യാന്‍)  മതം നിയമുണ്ടാക്കിയത് എന്തിന് വേണ്ടിയായിരുന്നു? ‘സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ ഒരു വിളിയുടെ (പ്രാര്‍ഥനയുടെ) ദൂരം മാത്രമേയുള്ളൂ. ഇടയില്‍ ഒരു പുണ്യപുരുഷനും ഇടമില്ല.’ എന്നാണെങ്കില്‍ പള്ളിയെ കൂട്ടിപ്പിടിക്കുന്നതിന്റെ സാംഗത്യമെന്ത്?
ദൈവത്തെ അംഗീകരിക്കുകയും മതത്തെ നിരാകരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ മനസ്സുകൊണ്ട് ദൈവത്തെ ധ്യാനിക്കുന്നു. ദൈവത്തിലേക്ക് എത്താന്‍ ആചാരങ്ങളുടേയും ഗോഷ്ഠികളുടേയും ചിഹ്നങ്ങളുടേയും ആവശ്യമില്ലെന്നാണ് വാദം. ദൈവം മനസ്സില്‍ തന്നെയുണ്ട്, പിന്നെന്തിന് പള്ളിയില്‍ പോകണം? മാധ്യമങ്ങളുടെ ആവശ്യമില്ല. ദൈവവിശ്വാസത്തിന്റെ പുരോഗമനരൂപമാണിത്. ഇതേ തത്ത്വമാണ് മതപരിഷ്കരണ വാദികളും മുന്നോട്ട് വെച്ചത്. പ്രമാണങ്ങളുടെ ബലത്തിലല്ല, കേട്ടാല്‍ പെട്ടെന്ന് രസം തോന്നുന്ന സിദ്ധാന്തങ്ങളുടെ ഇമ്പം കൊണ്ടാണ് തവസ്സുലാദി കര്‍മ്മങ്ങളെ പരിഷ്കരണവാദം നേരിട്ടത്. ചുരുക്കത്തില്‍, പുരോഗമന ദൈവ വിശ്വാസം മതനിരാസത്തില്‍ കലാശിച്ചു. പുരോഗമനമതവിശ്വാസം മഹാന്മാരുടെ നിരാസത്തില്‍ കലാശിച്ചു.
അല്ലാഹുവോട് പ്രാര്‍ഥിക്കുമ്പോള്‍ മഹാന്മാരെ ഇടയാളന്മാരാക്കരുതെന്ന് ഖുര്‍ആനോ ഹദീസോ പഠിപ്പിച്ചിട്ടില്ല. (വസീലയെ തേടണമെന്ന് പഠിപ്പിച്ചിട്ടുണ്ട് താനും. വിശദീകരണം വഴിയെ). എന്നിട്ടും തീവ്രവാദം തവസ്സുലിനെ എതിര്‍ക്കുന്നത് അഭംഗിയും അനാവശ്യവുമാണ്.
ഹുങ്കാരമല്ല; വിധേയത്വമാണ് വേണ്ടത്. ഇതാണ് ഇസ്ലാമിന്റെ തത്ത്വശാസ്ത്രവുമായി ഒട്ടിനില്‍ക്കുന്ന തവസ്സുലിന്റെ അടിത്തറ എന്ന് സൂചിപ്പിച്ചുവല്ലോ. അല്ലാഹുവിനെ ഉപാസിക്കുമ്പോള്‍, ആ ഉപാസനക്ക് തനിക്ക് വിവരവും അവസരവും നല്‍കിയ ലക്ഷക്കണക്കിനാളുകളെ അവനോര്‍ത്ത് പോകുന്നു. അവരുടെ നേതാവാണ് തിരുനബി (സ്വ). അത്കൊണ്ടാണ് ആരാധനകളില്‍ അത്യുല്‍കൃഷ്ടമായ നിസ്കാരത്തില്‍ പോലും അല്ലാഹുവിന് സാഷ്ടാംഗം ചെയ്തപിറകെ, ആ തിരുനബിയെ വിളിച്ച് അവന്‍ അഭിവാദ്യം ചെയ്യുന്നത്. ഇവിടെ ഇമാം റാസി (റ) സൂചിപ്പിച്ചപോലെ അല്ലാഹുവിലേക്ക് വെമ്പല്‍ കൊള്ളുന്ന ആത്മാവ് ചിറക് വെച്ച് പറന്നുയരുമ്പോള്‍ അല്ലാഹുവിനെ സ്നേഹിക്കുന്ന അടിമയെ തേടി തിരുനബിയുടെ ആത്മാവ് പറന്ന് വരികയാണ്. ആ രണ്ട് ആത്മാക്കളുടെ കൂടിക്കാഴ്ചയുടെ ക്ളൈമാക്സ് ആണ് – അസ്സലാമു അലൈക അയ്യുഹന്നബിയ്യു – ആയി പരിണമിക്കുന്നത്. അതുപോലെ മറ്റുള്ള വിശ്വാസികളുടെ മുഴുവന്‍ മനസ്സുമായി അവന്‍ വിലയിക്കുകയാണ്. – അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍ – സങ്കുചിത തൌഹീദ് വാദികള്‍ക്ക് കതകടച്ച് സ്വകാര്യമായി ചോദിക്കാം: ‘നാമും അല്ലാഹുവും തമ്മിലുള്ള  ഈ സ്വകാര്യമായ ഇടപാടില്‍ മുഹമ്മദ് ഈ പുണ്യാത്മാക്കളെ (ഇബാദുസ്സ്വലിഹീന്‍) തിരുകിക്കയറ്റിയതെന്തിന്? ശ്ശെ, മോശം ഈ ഇടയാളപ്പണി.! – തൌഹീദ് വീണുപോകുമോ എന്ന് പേടിച്ച്, അര്‍ഥമൊന്നും ചിന്തിക്കാതെ, ഹൃദയം തല്‍ക്കാലം മാറ്റിവെച്ച്, കേവലം ഒരു മന്ത്രം ഉരുവിടുകയാണ് – ഞാന്‍ നബിയെ വിളിക്കുകയില്ല എന്ന് നിയ്യത്ത് ചെയ്ത് ഉറപ്പിച്ച് അത്തഹിയ്യാത്ത് ഓതാന്‍ വിധിക്കപ്പെട്ടവര്‍ ന്യായമായും അങ്ങനെ പരിഭവിക്കണം.
നിസ്കാരത്തിന്റെ ഒടുക്കത്തില്‍ മാത്രമല്ല തുടക്കം മുതലെ ഈ വിധേയത്വവും താഴ്മയും സ്വയം ചെറുതാകലും മഹാന്മാരെ കൂട്ടിപ്പിടിക്കലുമുണ്ട്. ഇസ്മാഈലിന്റെയും (അ) ഇബ്റാഹീമിന്റെയും ഹാജറയുടെയും (റ) ഒക്കെ വിയര്‍പ്പ് തുള്ളികളും വഹ്യ് കാത്ത് മുഖം തിരിച്ചുകൊണ്ടിരിക്കുന്ന തിരുനബിയുടെ ഭാവവും മറ്റും ആ നിര്‍ത്തത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
അടിമ ഉടമയുമായി നടത്തുന്ന സംഭാഷണത്തില്‍ അടിമക്ക് വേണ്ടി ശിപാര്‍ശ ചെയ്യുവാനോ, അടിമയെ സഹായിക്കുവാനോ ഐഹികലോകത്തോ പരലോകത്തോ അല്ലാഹു തിരുനബിക്ക് ഒരു അവസരവും ഒരുക്കിയിട്ടില്ല അതിനാല്‍ പ്രാര്‍ഥിക്കുന്നവരാരും നബിയേയോ പുണ്യാത്മാക്കളേയോ കൂട്ടിപ്പിടിക്കേണ്ട ഒരു കാര്യവുമില്ല എന്ന് സിദ്ധാന്തിക്കുന്ന തീവ്രാദികളുടെ ധിക്കാരപരമായ സമീപനങ്ങളോട് താക്കീതിന്റെ സ്വരത്തിലാണ് അല്ലാഹു പ്രതികരിക്കുന്നത്.
ആരാണിവര്‍ക്കീ തത്ത്വശാസ്ത്രം പഠിപ്പിച്ചുകൊടുത്തത് ? അല്ലാഹുവോ ? ഒരിക്കലുമല്ല. തന്റെ മഹ്ബൂബിനെ താന്‍ അവഗണിക്കുമെന്ന് സിദ്ധാന്തിച്ചവരോട് സ്രഷ്ടാവ് രോഷപ്പെടുന്നത് കാണുക.
ഐഹിക ലോകത്തും പരലോകത്തും (തന്റെ ദൂതനെ) അല്ലാഹു സഹായിക്കുകയില്ലെന്ന് ആരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കില്‍, അവര്‍, അവര്‍ക്ക് മുകളില്‍ ഒരു കയര്‍ തൂക്കി അതില്‍ തൂങ്ങി ചത്തുകൊള്ളട്ടെ (22:15)
(ഓര്‍ക്കുക! ആയത്തുകള്‍ മുശ്രിക്കുകള്‍ക്ക് മാത്രം ബാധകമല്ല. അവരുടെ സിദ്ധാന്തങ്ങള്‍ അവയുടെ മൌലിക സ്വഭാവത്തോട് കൂടി പേറി നടക്കുന്നവര്‍ക്കും ബാധകമാണ്. വാദങ്ങള്‍ ബൂമറാങ്ങുകളായി പരിണമിക്കുന്ന കൌതുകകരമായ ഒരു രീതിയാണിത്.
കണ്ഠനാഡിയോട് അടുത്ത് നില്‍ക്കുന്ന അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാന്‍ ആദ്യം മുഹമ്മദ് നബിയുടെ അടുത്ത് ചെല്ലണമെന്ന ഖുര്‍ആനിക പാഠം ഇവര്‍ മറന്നത് പോലുണ്ട്.
ന്റെ അടിമകള്‍ എന്നെക്കുറിച്ച് അങ്ങയോട് ചോദിച്ചാല്‍ ഞാന്‍ അടുത്ത് തന്നെയുണ്ട് (എന്ന് അവരോട് വിവരം അറിയിക്കുക) എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യുന്നു (2: 186) എന്റെ അടുത്തേക്ക് വരുന്നവര്‍ നബി വഴി വരണം എന്ന് തന്നെയാണ് പ്രസ്തുത വാക്യത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
മറ്റൊരായത്ത് ഇങ്ങനെ:
പാപങ്ങള്‍ ചെയ്തു സ്വശരീരത്തെ ദ്രോഹിച്ചവര്‍, (നബിയേ) തങ്ങളെ സമീപിക്കുകയും  അങ്ങനെ അവര്‍  അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും തിരുദൂതന്‍ (നബി (സ്വ) അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താല്‍ അവര്‍ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കൃപാലുവുമായി എത്തിക്കുന്നതാണ് (4:64)
തെറ്റ് ചെയ്തവര്‍, തിരുനബിയെ സമീപിച്ച് ശിപാര്‍ശ തേടണമെന്നും അങ്ങനെ നബി അവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യണമെന്നും എങ്കില്‍ മാത്രമേ പാപമോചനം കിട്ടുകയുള്ളുവെന്നുമാണ് സൂക്തത്തിന്റെ താത്പര്യമെന്ന് ആര്‍ക്കും അറിയാം.
ഈ സൂക്തത്തിന്റെ ബലത്തില്‍, തിരുനബിയുടെ വിയോഗശേഷവും അവിടുത്തെ തിരു റൌളയില്‍ ചെന്ന് തിരുനബിയെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് മാപ്പിരന്ന അഅ്റാബിയുടെ അനുഭവം, ഈ സൂക്തത്തെ വിശദീകരിച്ച ഇബ്നുകസീര്‍(റ)അടക്കമുള്ള പ്രമുഖ പണ്ഢിതര്‍ ഉദ്ധരിച്ചിട്ടുണ്ട്. പാപമോചനത്തിന് നബിയുടെ ചാരത്ത്  ചെല്ലണമെന്നും അവിടുത്തെ റക്കമെന്റ് കിട്ടണമെന്നുമുള്ള ഈ സിദ്ധാന്തം തിരുനബിയുടെ വിയോഗശേഷവും പ്രസക്തമാണെന്നാണ് നിരൂപണങ്ങളൊന്നും നല്‍കാതെ  ഈ സംഭവം ഉദ്ധരിച്ച മുഫസ്സിറുകളുടെ ശൈലിയില്‍ നിന്ന് ബോധ്യപ്പെടുന്നത്. നബിയെ നേരിട്ട് വിളിക്കുന്ന രീതിയാണ് പ്രസ്തുത സംഭവത്തില്‍ അഅ്റാബി സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത് ശിര്‍ക്കും കുഫ്റുമായിരുന്നെങ്കില്‍, ഏറ്റവും ചുരുങ്ങിയത് സ്വീകാര്യതയുടെ സ്വരത്തില്‍ ഈ സംഭവം ഉദ്ധരിച്ച ഇമാം നവവി (റ), അല്ലാമ ഇബ്നുകസീര്‍ (റ) തുടങ്ങിയ പണ്ഢിത വരേണ്യരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരാണെന്ന് മുദ്രകുത്തേണ്ടിവരും. തീവ്രവാദികള്‍ക്ക് അതിന് അനായാസം സാധിക്കുന്നുവെന്നതില്‍ സന്ദേഹിക്കേണ്ടതില്ല.

11:18 | Posted in | Read More »

തവസ്സുല്‍ സമുദായങ്ങളില്‍ !!

ആദം നബിയോടെ തവസ്സുല്‍ അവസാനിപ്പിച്ചിട്ടില്ല. മുസ്ലിം സമൂഹത്തില്‍ തുടര്‍ന്നും അത് വേര് പിടിച്ചു. അന്ത്യപ്രവാചകരെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വേദങ്ങളിലൂടെ അറിഞ്ഞ മുന്‍ഗാമികള്‍ അവരുടെ ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ട അവസ്ഥ വരുമ്പോള്‍ വരാനിരിക്കുന്ന പ്രവാചകനെ മുന്‍നിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിച്ച് വിജയം നേടാറുണ്ടായിരുന്നു.
വി.ഖു: അല്‍ബഖറഃ 89-റാം ആയത്തിനെ വിശദീകരിച്ച് ഇമാം അബുഹയ്യാന്‍ എഴുതി: ‘ശത്രുക്കള്‍ അവരെ പൊതിഞ്ഞാല്‍ അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു. നാഥാ, തൌറാത്തില്‍ ഗുണവിശേഷണങ്ങള്‍ പറഞ്ഞിട്ടുള്ള, അന്ത്യനാളില്‍ നിയോഗിക്കപ്പെടാനിരിക്കുന്ന നബിയെ ക്കൊണ്ട് അവര്‍ക്കെതിരെ ഞങ്ങളെ നീ വിജയിപ്പിക്കേണമേ‘ (ബഹറുല്‍ മുഹീത്വ് 1:471) ഇമാം റാസി (3:180) ല്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സുയൂഥി ദുര്‍റുല്‍ മന്‍സൂറിലും (1/216.)
അംമ്പിയാക്കളും തവസ്സുല്‍ ചെയ്യുന്നു.
പൂര്‍വ്വ സമുദായം മാത്രമല്ല അവരിലേക്ക് നിയോഗിക്കപ്പെട്ട പുണ്യ പുരുഷന്മാരും പ്രവാചകന്മാരുമൊക്കെ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നുവെന്നാണ് ഖുര്‍ആനിക വാക്യത്തില്‍ നിന്ന് മനസ്സിലാകുന്നതെന്ന് പണ്ഢിതര്‍ വിശദീകരിക്കുന്നു. ‘അവര്‍ പ്രാര്‍ഥിക്കുന്നവര്‍ (ആരാധ്യന്മാര്‍) തന്നെ അവരേക്കാള്‍ അടുത്തവരെ കൊണ്ട് അല്ലാഹുവിലേക്ക്  ഇടതേടുന്നവരായിരുന്നു. (ഇസ്റാഅ് 57) എന്ന സൂക്തത്തെ വിശദീകരിച്ചു കൊണ്ട് ഫജ്റുസ്സ്വാദിഖ് പേ 55 ല്‍ പറയുന്നു.
മുശ്രിക്കുകള്‍ അംമ്പിയാക്കള്‍ക്കും മലകുകള്‍ക്കും അവന്‍ റബ്ബുകളാണെന്ന് വിശ്വസിച്ചു കൊണ്ട് ആരാധന നടത്തിയിരുന്നു. ഈ കക്ഷികളോട് അല്ലാഹു ഇപ്രകാരം പറയുകയാണ്. നിങ്ങള്‍ ആരാധിക്കുന്ന അംമ്പിയാക്കളും ഓലിയാക്കളും തന്നെ അവരേക്കാള്‍ അടുത്തവരെ കൊണ്ട് അല്ലാഹുവിലേക്ക് ഇടതേടുന്നവരാണ്. എന്നിരിക്കെ, അന്യാശ്രയം തീരെയില്ലാത്ത റബ്ബുകളാണ് അവരെന്ന് നിങ്ങളെങ്ങനെ അവരെ കുറിച്ച് വിശ്വസിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യും? ഈ ആയത്തില്‍ നിന്ന് അംമ്പിയാക്കളും മലക്കുകളും ഇടതേടിയിരുന്നതായി വ്യക്തമാണെന്ന് ഇമാം ഇബ്നുല്‍ നാസി തന്റെ സാദുല്‍ മസ്വീറിലും 3/50 പ്രസ്താവിച്ചിട്ടുണ്ട്. അല്ലാമ ഇബ്നുഹജറില്‍ അസ്ഖലാനിയുടെ (ഫത്ഹുല്‍ ബാരി 10/315) വിശദീകരണത്തിലും ഈ ആശയം വ്യക്തമാണ്.
തിരുനബിയുടെ തവസ്സുല്‍
അബിയാക്കളുടെ നേതാവായ തിരുനബി(സ്വ)തന്നെ തവസ്സുല്‍ നടത്തിയതായി സ്വാഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ തെളിഞ്ഞു കിടക്കുന്നു, തവസ്സുലിന്റെ പ്രാധാന്യം ഉമ്മത്തിനെ പഠിപ്പിക്കുകയാണിവിടെ തിരുനബി (സ്വ). അനസ് (റ) ല്‍ നിന്ന് ഉദ്ധരിക്കുന്നു, അലി (റ) ന്റെ ഉമ്മ, അസദിന്റെ മകള്‍ ഫാത്വിമ എന്നിവര്‍ നിര്യാതരായപ്പോള്‍ നബി (സ്വ) സ്വന്തം കൈ കൊണ്ട് അവര്‍ക്ക് ഖബര്‍ കുഴിക്കുകയും ശേഷം അതില്‍ ഇറങ്ങികിടക്കുകയും ചെയ്തു.
തുടര്‍ന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു. ‘വേദകര്‍ പ്രബലജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നാഥാ, നിന്റെ നബിയുടെയും എനിക്ക് മുമ്പ് കഴിഞ്ഞു പോയ എല്ലാ അംമ്പിയാക്കളുടെയും ഹഖ് കൊണ്ട് എന്റെ (പോറ്റു)മ്മാക്ക് നീ പൊറുത്ത് കൊടുക്കുകയും അവരുടെ ഖബര്‍ നീ വിശാലമാക്കുകയും ചെയ്യേണമേ, നീ ഏറ്റവും വലിയ കാരുണ്യവാനാണ്’  ഇമാം ത്വബ്റാനി, ഹാകിം, ഇബ്നു ഹിബ്ബാന്‍, അബൂനുഎം, ഇബ്നു അബ്ദില്‍ ബര്‍റ്, തുടങ്ങി പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. നിരാണെന്ന് മജ്മഉസ്സവാജിദ്  9/257 പറഞ്ഞിട്ടുണ്ട്.
ഇത് തിരു ജീവിതത്തിലെ ഒരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. മറിച്ച് അവിടുത്തെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ഹദീസ് കാണുക.
അബൂ സഈദ്  (റ) ല്‍ നിന്ന് ഉദ്ധരിക്കുന്നു.: നബി (സ്വ) നിസ്ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിറുന്നു. അല്ലാഹുവേ നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇബ്നുമാജഃ, ഇമാം സുയൂഥി, എന്നിവര്‍ ഈ ഹദീസ് നിവേദനം ചെയ്യുന്നു.

11:16 | Posted in | Read More »

‘തവസ്സുലി’ന്റെ ദാര്‍ശനിക ഭൂമിക

സ്രഷ്ടാവിനും സ്രഷ്ടിക്കുമിടയില്‍ മറ സൃഷ്ടിക്കുന്ന ഒരു വിഗ്രഹമല്ല ‘വസീല’. പ്രത്യുത തന്നിലേക്ക് സ്രഷ്ടാവ് തന്നെ ചൂണ്ടിക്കാണിച്ച് തന്ന വഴിയാണത്. ആ വഴിയുടെ സഹായവും സഹകരണവും ഇല്ലാതെ സ്രഷ്ടാവിലേക്കെത്തുക അസാധ്യമാണ്. നിര്‍ബന്ധവും ഐഛികവുമായ മുഴുവന്‍ ആരാധനകളും ആ വസീലയാണ്. തിരുനബിയും സ്വഹാബത്തും താബിഉകളും വിശ്വാസി സമൂഹം മുഴുവനും അല്ലാഹുവിലേക്കുള്ള വസീലയാണ്. ഈ വസീലകളുടെ സഹകരണവും സഹായവുമില്ലാതെ അല്ലാഹുവിലെത്തുകയില്ല. ആരാധനകള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. അതിന് ആത്മാര്‍ഥതയും സാധുതയും വേണം. ഹൃദയമില്ലാത്ത അനുസരണങ്ങള്‍ അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം പരത്തുകയില്ല. അതില്‍ രിയാഅ് (ലോകമാന്യം) കലര്‍ന്നിട്ടുണ്ടെങ്കില്‍ വെളിച്ചത്തിന് പകരം അവ ഇരുട്ട് തുപ്പും. ചിലപ്പോള്‍ വഴിയിലെ ഒരു ഭിത്തിയായി – വിഗ്രഹമായി – അത് പരിണമിക്കും. തടഞ്ഞ് വീഴും. രിയാഇനെ കുറിച്ച് ശിര്‍ക്കുന്‍ അസ്വ്ഗര്‍ എന്ന പ്രവാചക പ്രയോഗം ഇവിടെ പ്രസക്തമാണ്. ആരാധനകള്‍ അവനെതിരെ സാക്ഷി പറയും. കാരണം, ആരാധനകള്‍ ആവശ്യപ്പെടുന്നത് ശരീരങ്ങളുടെ ഗോഷ്ഠികളല്ല, നിഷ്കളങ്കമായ ഹൃദയങ്ങളാണ്. ആരാധനകള്‍ക്ക് ഹൃദയം കൊടുത്താല്‍ അല്ലാഹുവിന് കൊടുക്കാന്‍ ഹൃദയമുണ്ടാകുമോ എന്ന് യുക്തിവാദി ചോദിക്കും. മഹാന്മമാരെ കൂട്ടിപ്പിടിച്ചാല്‍ അല്ലാഹുവിന്റെ സ്ഥാനം കുറയില്ലേയെന്ന യുക്തിവിചാരം ഈ യുക്തിവാദത്തേക്കാള്‍ പ്രസക്തമല്ല.
ആരാധനകള്‍ നിഷ്കളങ്കമെങ്കില്‍ അവ മുന്‍നിര്‍ത്തിയുള്ള ചോദ്യം അല്ലാഹു തട്ടുകയില്ല. തന്റെ ഭൌതിക ജീവിതത്തിലേക്കും ആ വെളിച്ചം തിരിച്ചടിക്കും. ആരാധനകള്‍ വസീലയാക്കി അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ അതിന്റെ വെളിച്ചം ഗുഹയിലേക്ക് കടന്നതും ഗുഹാമുഖത്തെ അടച്ച പാറ നീങ്ങിയതും മൂവര്‍സംഘം രക്ഷപ്പെട്ടതും തിരുനബി (സ്വ) വിവരിച്ച് തന്നത് പ്രബലമായ ഹദീസുകളിലുണ്ട്. (ആരാധനകളുടെ കൈപിടിച്ച് അവര്‍ അല്ലാഹുവിന്റെ അടുക്കലേക്ക് പോയി. നിഷ്കളങ്കമായ ആ ആരാധനകളുടെ ശിപാര്‍ശ അല്ലാഹു കേട്ടു. ഒറ്റക്ക് വന്നാല്‍   പോരേ എന്ന് ചോദിച്ച് അല്ലാഹു അവരെ വിരട്ടിയില്ല.)
ആരാധനകള്‍ പോലെതന്നെ വസീലയാണ് ഇസ്ലാമിക ചിഹ്നങ്ങളും.  ഖുര്‍ആന്‍, കഅ്ബഃ, ഹജറുല്‍ അസ്വദ്, സംസം, പള്ളി, ഹുജ്റഃശരീഫ, മക്ക, അമ്പിയാക്കള്‍, ഔലിയാക്കള്‍ എല്ലാം അല്ലാഹുവിന്റെ ചിഹ്നങ്ങളാണ്. അല്ലാഹുവിലേക്കുള്ള വഴികളിലെ പ്രകാശഗോപുരങ്ങളാണ്. അവയെ അവഗണിച്ചുകൊണ്ട് പടച്ചവനിലെത്തുക സാധ്യമല്ല. അവരോടുള്ള സമീപനത്തിനനുസരിച്ച് അവരില്‍ നിന്ന് ലഭിക്കുന്ന പ്രകാശത്തില്‍ മാറ്റങ്ങളുണ്ട്. ഹൃദയമില്ലാതെ നിയമപരമായ ചില ഗോഷ്ഠികള്‍ കൊണ്ട് മാത്രം ആരാധനകള്‍ വെളിച്ചം വിതറുകയില്ല. അതുപോലെ മനസ്സ് അകറ്റിപ്പിടിച്ച് കൊണ്ട് പട്ടാളചിട്ടയോടെ ഈ ചിഹ്നങ്ങളില്‍ / ചിഹ്നങ്ങളോട് സമര്‍പ്പിക്കപ്പെടുന്ന അനുസരണങ്ങള്‍ക്കും വണക്കങ്ങള്‍ക്കും വെളിച്ചം തരില്ല. ഹജറുല്‍ അസ്വദില്‍ മുഖമമര്‍ത്തുമ്പോള്‍ സൈനിക മേധാവിയെ കാണുമ്പോള്‍ കീഴുദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന  വടിവൊത്ത ഹൃദയമില്ലാത്ത ഒരു സല്യൂട്ട് കണക്കെ അത് വിലയിരുത്ത പ്പെട്ടുകൂടാ. പ്രത്യുത പടച്ചവന്‍ പതിച്ച് നല്‍കിയ വിശുദ്ധിയും നൂറ്റാണ്ടുകളുടെ ഗദ്ഗദങ്ങളും വിശ്വാസ നിശ്വാസങ്ങളും ഏറ്റുവാങ്ങിയ ഒരു പവിത്രമായ കല്ലിനെ ചുംബിക്കുകയാണെന്ന അവാച്യമായ അനുഭൂതി അത് പകരുന്നുണ്ട്. അല്ലാഹു തന്നെ പഠിപ്പിച്ച അവനോടുള്ള ഭക്ത്യാദരങ്ങളാണത്. ആ വിശ്വാസവും വികാരവും അവനെ നയിക്കുമ്പോള്‍ അതവന് അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം വിതറുന്നു. നാളെ ആ കല്ല് അവന് വേണ്ടി ശിപാര്‍ശ പറയുന്നു. പക്ഷേ, അപ്പോഴേക്കും അല്ലാഹു പിണങ്ങിപ്പോകുമോ എന്ന് ഭയപ്പെട്ട യുക്തിവാദം വളര്‍ന്ന് വികസിച്ചാല്‍ ഹജറുല്‍ അസ്വദിനെ ‘ശിര്‍ക്കന്‍ കല്ല്’ എന്ന് വിളിക്കുന്നിടം വരെയെത്തും. ആ കല്ല് മാത്രമല്ല അവന്‍ നിസ്കരിച്ച, സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച മുഴുവന്‍ ഇടങ്ങളും പള്ളികളും അങ്ങനെതന്നെ. ഖുര്‍ആനെ ഒരു ഉപകരണമായി കാണുകയും പുസ്തകം വായിക്കുന്ന ലാഘവത്തോടെ വായിക്കുകയും ചെയ്യുന്നവന് ആ ഖുര്‍ആന്‍ എങ്ങനെ വസീലയായി നിന്ന് കൊടുക്കും ? ഖുര്‍ആനുമായി ഹൃദയബന്ധം പുലര്‍ത്തുകയും ശുദ്ധിയോട് കൂടെ മാത്രം അത് സ്പര്‍ശിക്കുകയും വിശുദ്ധവും ഉയര്‍ന്നതുമായ സ്ഥലത്ത് അതിനെ വെക്കുകയും കണ്ണീര് കലര്‍ന്ന് അത് ഓതുകയും (വായിക്കുകയല്ല) കേള്‍ക്കുകയും ചെയ്യുന്ന പാരമ്പര്യ വിശ്വാസികള്‍ എവിടെ? ആദരവിനെ ആരാധനായായി തെറ്റിദ്ധരിച്ച് ഖുര്‍ആന്‍ പൂജകരോ ശിലാപൂജകരോ ആകുമോ എന്ന് ഭയന്ന് ബഹുമാനങ്ങളില്ലാതെ ഹജ്ജിനെയും ഖുര്‍ആനിനെയും കഅ്ബയെയും ശിലയുടെയും പുസ്തകത്തിന്റെയും ക്ഷേത്രത്തിന്റെയും വിതാനത്തിലേക്ക് താഴ്ത്തിയ പരിഷ്കാരികളെവിടെ?
അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പ്പെട്ട മറ്റൊരു ചിഹ്നമാണ് അമ്പിയാക്കളും ഔലിയാക്കളും. അവരും വസീലയാണ്. അവരുടെയും സഹകരണങ്ങളില്ലാതെ അല്ലാഹുവിനെ പ്രാപിക്കുവാന്‍ സാധിക്കുകയില്ല. അവരുടെ കല്‍പ്പനകള്‍ വ്യാകരണതെറ്റുകളില്ലാതെ അനുസരിച്ചത് കൊണ്ട് മാത്രമായില്ല. മനസ്സിന്റെ കവാടം  അവര്‍ക്ക് തുറന്നു കൊടുക്കാന്‍ വിശാലത വേണം. തിരുനബിയെ ഹൃദയം നിറഞ്ഞ് സ്നേഹിക്കാത്തവന് ആ നബിയുടെ കല്‍പ്പനകള്‍ അനുസരിക്കുന്നുണ്ടെങ്കില്‍ അത് കപടമായ ഒരു അനുസരണമാണ്. ഹൃദയം മുഴുവനും നബിക്ക് കൊടുത്താല്‍ അല്ലാഹുവിന് പിന്നെ എന്ത് കൊടുക്കുമെന്നാണ് സങ്കുചിത തൌഹീദ് വാദികള്‍ അടക്കിപ്പിടിച്ച് ചോദിക്കുന്നത്. നബിയെ വിളിക്കുന്നതിനെ അയ്യപ്പനെ വിളിക്കുന്നതിനോട് സമീകരിച്ചവര്‍ അങ്ങനെ ചിന്തിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. അയ്യപ്പന് പകുതി ഹൃദയം കൊടുക്കുമ്പോള്‍ അല്ലാഹുവിന് അവിടെ ഇടം നഷ്ടപ്പെടും പോലെ, നബിയെ വിളിക്കുമ്പോഴും അത് നഷ്ടപ്പെടില്ലേ എന്നാണ് യുക്തിവാദം. പക്ഷേ, ഈ യുക്തിവാദത്തില്‍ രണ്ട് അപകടങ്ങള്‍ പതിയിരിപ്പുണ്ട്.
ഒന്ന്: നബിയെ വിളിക്കുന്നവന്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്, എന്നാല്‍ അയ്യപ്പനെ വിളിക്കുന്നവന് അയ്യപ്പനെ തന്നെയാണ് വിളിക്കുന്നത് എന്ന തിരിച്ചറിയായ്മ. (അങ്ങനെ വരുമ്പോള്‍ ഹൃദയം മുഴുവന്‍ നബിക്ക് കൊടുത്തവര്‍ അല്ലാഹുവിന് കൊടുക്കാന്‍ വേറെ ഹൃദയം തിരയേണ്ടിവരില്ല.) .
രണ്ട്: പകുതി അയ്യപ്പന് കൊടുത്താല്‍ മറ്റെ പകുതിയും അല്ലാഹുവിന് നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയായ്മ, അത്കൊണ്ടാണ് ലാത്തയെയും ഉസ്സയെയും ഒക്കെ വിളിച്ചിട്ടും കുട്ടികളുണ്ടെന്ന് വാദിച്ചിട്ടുമൊക്കെ മക്കാമുഗ്രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചവരാണെന്നും പകുതി മുവഹ്ഹിദുകളാണെന്നും കേരളത്തിലെ സുന്നികളേക്കാള്‍ ഭേദമാണെന്നും യുക്തിവാദികള്‍ക്ക് ധരിക്കേണ്ടി വന്നത്. അഭൌതിക കാര്യങ്ങള്‍ പടച്ചവന്റെ കഴിവിന്റെ പരിധിയിലും ഭൌതിക കാര്യങ്ങള്‍ സൃഷ്ടികളുടെ കഴിവായും തരംതിരിക്കാനുള്ള കാരണവും മറ്റൊന്നല്ല. എല്ലാം അല്ലാഹുവിന്റെ കഴിവാണെന്നും, ചായയും ചോറും ചെരിപ്പുമൊക്കെ ചോദിക്കേണ്ടത് അല്ലാഹുവിനോടാണെന്നുള്ള പാരമ്പര്യവിശ്വാസികളുടെ വാദത്തിന്റെ പൊരുള്‍ എല്ലാം സംവാദങ്ങള്‍ക്ക് ശേഷവും യുക്തിവാദത്തിന്  തിരിയാതെ പോയത് മറ്റൊന്നുകൊണ്ടുമല്ല. നമുക്ക് കഴിയാത്തതാണ് – അഭൌതിക കാര്യങ്ങളാണ് – പടച്ചവനോട് ചോദിക്കേണ്ടതെന്നും അത് ശൈഖിനോട് ചോദിച്ചാല്‍ തൌഹീദിന് പുറത്ത് പോയെന്നുമുള്ള ഫിലോസഫിയും ഉരുവം കൊണ്ടത് ഈ തിരിച്ചറിയായ്മയില്‍ നിന്നാണ്.
ചുരുക്കത്തില്‍, കത്ത് കിട്ടിയ ശേഷം പോസ്റ്റ്മാനെ അവഗണിക്കും വിധം, ഔലിയാക്കളും അമ്പിയാക്കളും എന്ന വസീലയെ അവഗണിച്ച് തള്ളിയവര്‍ക്ക് ആ ‘വസീല’ കള്‍ പ്രഭപരത്തുകയില്ല. മറിച്ച് അവയുമായി ശക്തമായ ഹൃദയബന്ധം പുലര്‍ത്തണം. അത് ആദരവിന്റെയും സ്നേഹത്തിന്റെയും സ്മരണയുടെ രൂപത്തില്‍ പുറത്തേക്ക് പ്രവഹിക്കണം. അപ്പോള്‍ അവരുടെ തിരുനോട്ടം തിരിച്ചു ലഭിക്കും. ആ നോട്ടം അല്ലാഹു പാഴാക്കുകയില്ല. അതാണ് തിരുനബി പറഞ്ഞത്: ‘ആരെങ്കിലും എന്നെ സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗ്ഗത്തിലായിരിക്കും.’ ഈ ചിഹ്നങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ ചൊല്ലിപഠിപ്പിച്ചപോലെ, അല്ലാഹുവിനെ നമുക്ക് നഷ്ടപ്പെടുകയല്ല ലഭിക്കുകയാണ് ചെയ്യുന്നത്. അത് അല്ലാഹു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്:
ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിച്ചാല്‍ അത് ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്ന് ഉറവയെടുക്കുന്നതാണ് (ഖുര്‍ആന്‍). പക്ഷേ, തീവ്രവാദം ചിലപ്പോള്‍ അല്ലാഹുവിനേയും ന്യായം പഠിപ്പിക്കും.
ആരാധനകളും അജൈവവും ജൈവവുമായ അല്ലാഹുവിന്റെ ചിഹ്നങ്ങളും വസീലകളാണ്. ഹൃദയം നല്‍കി അവയെ കൂട്ടിപ്പിടിക്കാതെ അല്ലാഹുവിലെത്തുക അസാധ്യമാണെന്നും മനസ്സിലാക്കിയാല്‍, അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ മാത്രം അവരുടെ കൈവിടണമെന്ന വാദം വ്യര്‍ഥമാണെന്ന് തെളിയും. ആരാധനകളുടെയും അല്ലാഹുവിന്റെ ചിഹ്നങ്ങളുടെയും കൈപിടിച്ച് അല്ലാഹുവിനോട് ഇരന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്.
തെളിവുകള്‍ മുഖാമുഖം വന്നുനില്‍ക്കുമ്പോള്‍ ആരാധനകള്‍ കൊണ്ട് തവസ്സുല്‍ ആകാമെന്ന് സമ്മതിക്കുന്നവര്‍ വ്യക്തികളുടെ കാര്യത്തില്‍ വീണ്ടും ശഠിക്കുക തന്നെയാണ്.
ഓ, സത്യവിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിക്കുക. അവങ്കലേക്ക് ‘വസീല’ തേടുവിന്‍’ (മാഇദ:35) എന്ന ആയത്ത് വിശദീകരിച്ച് ഇസ്മായില്‍ ഹിഖി (റ) പറയുന്നതിങ്ങനെ:
അറിയുക. വസീലയെ തേടുവാന്‍ വ്യക്തമായ ഭാഷയില്‍ ഈ ആയത്ത് കല്‍പ്പിക്കുന്നു. അല്ലാഹുവിലേക്കെത്തുക വസീലയെക്കൂടാതെ സാധ്യമല്ല. ഹഖീഖത്തിന്റെ പണ്ഢിതരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് ആ വസീല (റൂഹുല്‍ ബയാന്‍ 2/388). ശൈഖ് തുടരുന്നു.: ഏതൊരു പ്രാര്‍ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒരു മറയുണ്ട്. നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതോടെ ആ മറ ഉയരും. ദുആ അല്ലാഹുവിങ്കലെത്തുകയും ചെയ്യും. സ്വലാത് ചെയ്തില്ലെങ്കില്‍ ദുആ തിരിച്ചുവരും. നബി (സ്വ) നമ്മുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവര്‍ത്തി (വസീല) യാണ് എന്നതാണ് അതിന്റെ കാരണം.
പ്രാര്‍ഥിക്കുന്നതിന് മുമ്പ് വസീലയെ മുമ്പോട്ട് വെയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാഹു പറഞ്ഞ ല്ലോ: ‘നിങ്ങള്‍ അല്ലാഹുവിലേക്ക് വസീല തേടുവിന്‍, മനുഷ്യപിതാവായ ആദം (അ) തന്നെ തന്റെ പ്രാര്‍ഥനയും പശ്ചാത്താപവും സ്വീകരിക്കാന്‍ ഇരുലോകങ്ങളുടെയും നേതാവായ മുഹമ്മദ് നബി (സ്വ) യെ തവസ്സുല്‍ ചെയ്തല്ലോ. (റൂഹുല്‍ ബയാന്‍ 7/230)
സൂക്തത്തിലെ വസീലയെന്നത് കൊണ്ട് വിവക്ഷിതം ആരാധന തന്നെയാണെന്നും ഇത്തഖൂ എന്ന് പറഞ്ഞത് പോരാഞ്ഞിട്ട് വസീലയെ തേടൂ എന്നുകൂടി തറപ്പിച്ച് പറഞ്ഞതാണെന്നും അതിനാല്‍ സൂക്തത്തില്‍ മഹാന്മാരെ കുറിച്ച് സൂചന പോലുമില്ലെന്നും അങ്ങനെ വ്യാഖ്യാനിച്ച പണ്ഢിതരെ പരിപൂര്‍ണ്ണമായും മാറ്റി നിര്‍ത്തി തീവ്രവാദി യുക്തിവാദം നടത്താറുണ്ട്.
ആരാധനകള്‍ കൊണ്ടുള്ള തവസ്സുലിന് ആത്മാവ് വേണമെങ്കില്‍ അത് ഇഖ്ലാസ്വുള്ള തായിരിക്കണം. അതുപോലെ മഹാന്മാരെ കൊണ്ടുള്ള തവസ്സുലിന് ജീവന്‍ വേണമെങ്കില്‍ അവയോടുള്ള ആ വ്യക്തിയുടെ സമീപനവും ആദരവും ബഹുമാനവും നിറഞ്ഞിരിക്കണം. ആദരിക്കാ നും ബഹുമാനിക്കാനും സ്വയം ചെറുതാവാനും കഴിയുന്നവന്‍ മാത്രമേ മഹാന്മാരെ തവസ്സുല്‍ ചെയ്യാന്‍ മെനക്കെടൂ.
അപ്പോള്‍ യഥാര്‍ഥത്തില്‍ അവന്‍ തവസ്സുല്‍ ചെയ്യുന്നത് അവരോടുള്ള സ്നേഹത്തേയും ആദരവിനേയും മുന്‍ നിര്‍ത്തിയാണ്. ഏറ്റവും അത്യുത്തമമായ ആരാധന അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്നേഹിക്കലാണെന്നാണ് തിരുനബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. നബി (സ്വ) പറഞ്ഞു.:  ‘അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നതും അവനു വേണ്ടി വെറുക്കുന്നതുമത്രേ ഏറ്റവും ശ്രേഷ്ഠമായ ആരാധന’ (അബൂദാവൂദ് 4591).
അപ്പോള്‍ നബി (സ്വ) യെ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്യുന്നവന്‍ ഏറ്റവും പുണ്യമായ ആരാധന കൊണ്ടാണ് തവസ്സുല്‍ ചെയ്യുന്നത്. ആരാധന കൊണ്ടുള്ള തവസ്സുല്‍ ഖുര്‍ആന്‍ പച്ചയില്‍ കല്‍പിച്ചതുമത്രേ.
ഇതാണ് തവസ്സുല്‍. ഇസ്ലാമിക തത്ത്വശാസ്ത്രത്തിന്റെ മൌലിക സിദ്ധാന്തങ്ങളോട് അത് നൂറു ശതമാനവും പൊരുത്തപ്പെടുന്നു. ഇസ്ലാമിക സംസ്ക്കാരവുമായി അത് ഒട്ടിനില്‍ക്കുന്നുണ്ട്. ഇസ്ലാമിക പ്രമാണങ്ങളില്‍ അതിന് വ്യക്തമായ പിന്‍ബലമുണ്ട്. എന്നിട്ടും, അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം വിതറുകയും അവനെ കാണിച്ചു തരികയും ചെയ്യുന്ന ഈ മതാചാരത്തെ അവന്റെയും അടിമയുടെയും ഇടയില്‍ മറയിടുന്ന വിഗ്രഹാരാധനയോട് ചിലര്‍ സമീകരിക്കുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ നബിയുടെ പേര് പറഞ്ഞതിന്റെ പേരില്‍ വിശ്വാസിയെ ശിര്‍ക്കിന്റെ ബോംബുകള്‍ കൊണ്ടെറിഞ്ഞ് ഇസ്ലാമികമായ അവന്റെ സ്വത്വം സമൂഹമദ്ധ്യേ പിച്ചിചീന്തുന്നു. ദിക്റും സ്വലാത്തും തക്ബീറും നിറഞ്ഞൊഴുകുന്ന മനസ്സുകളെ നബിയുടെ പേര് പറഞ്ഞതിന്റെ പേരില്‍ അബൂജഹ്ലിനോടു സമീകരിക്കുന്ന  ഭീകരതയെ എന്ത് വിളിക്കണം? ജീവിതകാലം മുഴുവന്‍ ദിക്റും സ്വലാത്തും മൌലീദും റാത്തീബുമായി കഴിഞ്ഞ സ്വാത്വികനായ ഒരു പിതാവ് മരണപ്പെടുമ്പോള്‍ ആ പിതാവിനു വേണ്ടി ഒന്നു പ്രാര്‍ഥിക്കാന്‍ പോലും അനുവദിക്കാത്ത സങ്കുചിതമായ തൌഹീദ്, വിശ്വാസി മനസ്സുകളില്‍ വിദ്വേഷങ്ങള്‍ കൃഷി ചെയ്തെടുക്കാന്‍ സാമ്രാജ്യത്വം നെയ്തെടുത്ത ഗൂഢമായ പദ്ധതിയല്ലെന്ന് നാമെങ്ങനെ ശങ്കിക്കാതിരിക്കും? വിഗ്രഹത്തെ ആരാധിച്ച ആസറിനോട് തിരുനബിയെ സ്നേഹിച്ച വിശുദ്ധിയെ താരതമ്യം ചെയ്യുന്ന കുടിലതയെ എന്ത് വിശേഷിപ്പിക്കണം?.
മനോഭാവവും സമീപന രീതിയുമാണ് പ്രത്യയ ശാസ്ത്രങ്ങളെ വ്യത്യസ്തവും ഏകവുമാക്കിത്തീര്‍ക്കുന്നത്. മഖ്ബറ വിഗ്രഹത്തിനും വലിയ്യ് അയ്യപ്പനും സമമാണെങ്കില്‍, ക്ഷേത്രം പള്ളിക്കും, ഗംഗാജലം സംസത്തിനും ശില ഹജറുല്‍ അസ്വദിനും കാശി മക്കക്കും, ഗീത ഖുര്‍ആനും സമമാകാതിരിക്കാന്‍ പ്രത്യേകിച്ച് ന്യായമൊന്നുമില്ല. ഒന്ന് വെളിച്ചവും മറ്റൊന്ന് ഇരുട്ടുമാകുന്നത് മനോഭാവങ്ങളിലുള്ള മാറ്റം കൊണ്ടാണ്. രൂപത്തിലും കോലത്തിലും എല്ലാം ഒരുപോലെയാണെങ്കിലും മനോഭാവത്തിലുള്ള വ്യത്യാസം വ്യക്തമാണ്. മുസ്ലിംകള്‍ അവരുടെ ചിഹ്നങ്ങളെ ആദരിക്കുകയാണ്, ആരാധിക്കുകയല്ല. അമുസ്ലിംകള്‍ ആദരവിനപ്പുറം അവയെ ആരാധിക്കുകയാണ്. അവരത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. വലിയ തമ്പ്രാനിലേക്കെത്താനുള്ള ചെപ്പടി വിദ്യ.
ഞങ്ങളവയെ ആരാധിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്’ (സുമര്‍ 3).
സത്യനിഷേധികളുടെ ദുര്‍ബലമായ ന്യായീകരണങ്ങളില്‍ പിടിച്ചുതൂങ്ങി വിശ്വാസിലോകത്തിനു നേരെ കുഫ്റാക്രമണം നടത്തുന്ന തീവ്രവാദികളുടെ നയം മുസ്ലിമുകളുടെ എണ്ണം കുറഞ്ഞുകാണാന്‍ ആഗ്രഹിക്കുന്ന പശ്ചാത്യന്‍ ഭീകരതയുടെ മറ്റൊരു പതിപ്പായി വ്യാഖ്യാനിക്കാനേ കഴിയുന്നുള്ളൂ.

11:15 | Posted in | Read More »

ബിദ്അത്ത്

സ്ലാമിക നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സര്‍ വാംഗീകൃതമായ നിലപാടാണിത്. പ്രസ്തുത പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി നിയമങ്ങള്‍ നിര്‍മിക്കുന്നത് വെറുക്കപ്പെട്ടതും ഇസ്ലാമില്‍ അംഗീകരിക്കപ്പെടാത്തതുമാകുന്നു. മേല്‍ പ്രമാണങ്ങളെ നിരസിക്കാത്തതും അവയിലൊന്നിന്റെ പിന്‍ബലമുള്ളതുമായ കാര്യങ്ങള്‍ ശരീഅത്തിന്റെ വൃത്തത്തില്‍ പെടുന്നു. അതു കൊണ്ടുതന്നെ അവയെ എതിര്‍ക്കുന്നത് മതവിരുദ്ധമാണ്.
ഒരുകാര്യം ഇസ്ലാമികമാണെന്നതിന് അത് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൌനാനുവാദം എന്നിവയിലൊന്നുകൊണ്ടുതന്നെ സ്ഥിരപ്പെടണമെന്നില്ല. പ്രത്യുത അവക്കെതിരാ കാതിരിക്കുകയും ഇസ്ലാമികമായ മറ്റു രേഖകളിലൊന്നിന്റെ പിന്‍ബലമു ണ്ടാവുകയും ചെയ്താല്‍ മതി.
ഒരുവിഷയം നിര്‍ബന്ധമോ ഐച്ഛികമോ ആകാന്‍ ഒരു ഹദീസിലൂടെ അത് സ്ഥിരപ്പെട ണമെന്ന നിബന്ധനയും ഇസ്ലാമിലില്ല. നിര്‍ബന്ധ കര്‍മമായ നിസ്കാരം പോലും അതിന്റെ പൂര്‍ണ രൂപത്തില്‍ ഒരു ഹദീസിലോ ഒരു ആയത്തിലോ മാത്രമായി വിശദീക രിക്കുന്നില്ല. വ്യത്യസ്ത ഹദീസുകള്‍ കൂട്ടിയോജിപ്പിക്കുമ്പോഴാണത് ലഭിക്കുന്നത്. മൌലിദിനെയും മറ്റും സംബന്ധിച്ചുള്ള വിധികളും ഇപ്രകാരമാണ്. പല വിവരണങ്ങളി ലൂടെയാണ് അവ സ്ഥിരീകരിക്കപ്പെടുന്നത്. നബി ദിനാഘോഷവുമായി ബന്ധപ്പെട്ടു നടക്കുന്ന സല്‍ക്കര്‍മങ്ങളെല്ലാം പ്രമാണങ്ങള്‍ക്കനുസരിച്ചാ ണെങ്കില്‍ ഒരു ഹദീസു കൊണ്ടോ മറ്റോ അത് തെളിയിക്കാമോ എന്നാണ് ഉല്‍പതിഷ്ണു ക്കളുടെ ചോദ്യം. ഇ തിലെ കഥയില്ലായ്മയാണ് നാം വിശദീകരിച്ചത്.
കേവലം നല്ലതാണെന്ന അടിസ്ഥാനത്തില്‍ ഇസ്ലാമില്‍ ഒരുകാര്യം നടപ്പാകുമോ? ആകുമെന്നാണ് പ്രമാണങ്ങള്‍ പറയുന്നത്. പ്രസ്തുത കാര്യം മതത്തിന്റെ ഏതെങ്കിലും പ്രമാണങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നു മാത്രം. പ്രമാണങ്ങള്‍ക്കനുസൃതമാകു മ്പോഴേ മതത്തിന്റെ വീക്ഷണത്തില്‍ അത് നല്ലതായി ഗണിക്കപ്പെടുകയുള്ളൂ. പ്രകൃതി പരമായി നല്ലതാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ഒരു കാര്യം അനുഷ്ഠിക്കാനുള്ള നിര്‍ദ്ദേശം പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടാല്‍ അത് നിര്‍ബന്ധമോ (വാജിബ്) ഐച്ഛികമോ (സുന്നത്ത്) ആകുന്നതും നിര്‍ദ്ദേശമോ വില ക്കോ ഇല്ലെങ്കില്‍ അത് അനുവദനീയം (മുബാഹ്) ആകുന്നതുമാണ്.
പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍ക്ക് ഭാഷാപരമായി ബിദ്അത് ഹസനത് എന്നു പറയാം. പക്ഷേ, അത് പുണ്യകര്‍മമാകുന്നില്ല. മതപരമായ തെളിവിന്റെ അടിസ്ഥാന ത്തില്‍ അത് നിര്‍ദേശിക്കപ്പെട്ടാലേ പുണ്യകര്‍മമായ നിര്‍ബന്ധമോ ഐച്ഛികമോ ആവു കയുള്ളൂ. ചുരുക്കത്തില്‍ ബിദ്അത് ഹസനത് അനുവദനീയം (മുബാഹ്) മാത്രമാണ്. അങ്ങനെയാകാന്‍ പ്രമാണങ്ങള്‍ക്ക് എതിരാകാതിരുന്നാല്‍ മതി. ഈ ബിദ്അത്താണ് തെളിവിന്റെ അടിസ്ഥാന ത്തില്‍ തരം തിരിയുന്നത്. നമുക്ക് ബിദ്അതിനെക്കുറിച്ച് അല്‍പ്പം പഠിക്കാം.
മൌലിദ് അനാചാരം (ബിദ്അത്) ആണെന്നു പറയുന്ന വിമര്‍ശകര്‍ ബിദ്അതിനെ നിര്‍വചിക്കാറില്ല. ബിദ്അത് സംബന്ധമായ വിശദാംശങ്ങളിലേക്ക് കടക്കാതെ എല്ലാ ബിദ്അതും അനാചാരമാണ് എന്ന പല്ലവി ആവര്‍ത്തിച്ചു രക്ഷപ്പെടാറാണ് പതിവ്. നബി ദിനാഘോഷം സംബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ പ്രബന്ധങ്ങളില്‍ പോലും ഈ ഒഴിഞ്ഞു മാറ്റം കാണാം. ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.
പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”
ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ് അതെന്ന് പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”. ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്. ഈ ബിദ്അതിനെ അഞ്ചിനങ്ങളായി പണ്ഢിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”
സാങ്കേതിക ബിദ്അത്
ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം: “ശറഇന്റെ വീക്ഷണത്തില്‍ ബിദ്അതെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു.”
സയ്യിദ് ശരീഫുല്‍ ജുര്‍ജാനി (റ) തന്റെ ‘തഅ്രിഫാതില്‍’ (പേജ് 37) പറയുന്നു “സ്വഹാ ബതിന്റെയും താബിഉകളുടേയും ആചാരങ്ങളിലില്ലാത്തതും മതപരമായ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശര്‍ഇയ്യായ ബിദ്അത’ (മതപരമായ നവീന കാര്യം).
ശൈഖ് അബ്ദുല്‍ഗനിയ്യിന്നാബല്‍സി(റ)എഴുതുന്നു:”ശര്‍ഇന്റെ വ്യക്തമോ പരോക്ഷമോ ആയ അനുവാദമില്ലാതെ ഉത്തമമായ മൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷമുണ്ടായതാണ് മതത്തിന്റെ വീക്ഷണത്തില്‍ ബിദ്അത്. എല്ലാ ബിദ്അതും ‘ളലാലത്താ’ണെന്ന (ദുര്‍മാ ര്‍ഗം) വിധിയില്‍ ഉദ്ദേശിക്കപ്പെടുന്നത് ഈ ബിദ്അതാകുന്നു” (അല്‍ഹദീഖതു ന്നദിയ്യ, 1/136, 137).
എല്ലാ ബിദ്അതും പിഴച്ചതാണെന്ന ഹദീസിലെ ബിദ്അതു കൊണ്ട് അര്‍ഥമാക്കുന്നത് ശര്‍ഇയ്യായ ബിദ്അതാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതില്‍ നല്ലതും ചീത്തയുമില്ല. പൂര്‍ണമായും ചീത്തയാകുന്നു. ശര്‍ഇന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതാണ് കാരണം. ഭാഷാപരമായ ബിദ്അത് ഇപ്രകാരമല്ല. അത് മുന്‍മാതൃകയില്ലാത്തതായിരിക്കാമെങ്കിലും മതത്തിന്റെ അംഗീകൃത പ്രമാണങ്ങള്‍ക്ക് നിരക്കാത്തതായിരിക്കണമെന്നില്ല. മുന്‍മാതൃക യില്ലാതെ ആരംഭിച്ചതെല്ലാം ചീത്തയാണെന്ന് വിധി കല്‍പ്പിക്കാന്‍ യാതൊരു തെളി വുമില്ല.
ഇബ്നുഹജര്‍ (റ) പറയുന്നു: “(ഇത്തരം ബിദ്അത്) ശര്‍ഇന്റെ ലക്ഷ്യങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കില്‍ ചീത്തയുമാകുന്നു” (ഫതാവല്‍ ഹദീസിയ്യഃ പേ. 109).
ഇമാം സുബ്കി (റ) പറയുന്നു: “മതത്തില്‍ അനുമതിയുള്ളതിന്റെ വ്യാപ്തിയില്‍ വാജി ബും സുന്നതും മുബാഹും ഉള്‍പ്പെടുന്നു. അവ മതത്തില്‍ നല്ലതാകുന്നു. വിലക്കപ്പെട്ട തിന്റെ വ്യാപ്തിയില്‍ ഹറാമും കറാഹതും ഉള്‍പ്പെടുന്നു. അവ മതത്തില്‍ ചീത്തയാ കുന്നു” (ജംഉല്‍ ജവാ മിഅ്, 1/166).
ഇമാം ശാഫിഈ(റ)പറയുന്നു: “പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്, കിതാബ്, സുന്നത്, അസറ്, ഇജ്മാഅ് തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്: ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുദ്ധമാകാത്തവിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹമല്ലാത്ത (നല്ല) ബിദ്അതാകുന്നു”(ഫതാവാസുയൂ ത്വി 1/192 നോക്കുക).
നബിദിനാഘോഷത്തിന് ഇന്ന് സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചു ചര്‍ച്ചചെയ്യു മ്പോള്‍ പണ്ഢിതര്‍ പറയുന്ന ബിദ്അത് തികച്ചും ഭാഷാപരമാണ്, മതപരമല്ല. ആഘോ ഷത്തില്‍ ഇന്ന് സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചാണ് അവര്‍ ഇങ്ങനെ പ്രയോഗി ക്കുന്നത്. ഇസ്ലാമിന്റെ പ്രമാണങ്ങള്‍ക്കു നിരക്കാത്തതാണ് വെറുക്കപ്പെട്ട ബിദ്അതെ ന്നും അല്ലാത്തവ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആകാമെന്നും മുമ്പ് വിശദീകരിച്ചിട്ടുണ്ടല്ലോ. നബിദിനാഘോഷം അടിസ്ഥാനപരമായി സുന്നത്താണെന്ന് നബി (സ്വ) യുടെ വ്രതാനുഷ്ഠാനത്തില്‍ നിന്നും സ്വഹാബതിന്റെ സന്തോഷ പ്രകടന ത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ആഘോഷത്തിന് ഇന്ന് നാം സ്വീകരിക്കുന്ന രീതികള്‍ പ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലാത്തതിനാല്‍ ആദ്യമായി ജാഇസിന്റെ ഗണ ത്തിലും ഇവ ഓരോന്നിനും പ്രമാണങ്ങളുടെ പിന്‍ബലം ലഭിക്കുന്നതോടെ സുന്നത്തി ന്റെയോ വാജിബിന്റെയോ ഗണത്തിലും പെടുന്നതാണ്. ഖുര്‍ആന്‍ ക്രോഡീകരണ സംഭ വത്തില്‍ നിന്ന് ഇത് വ്യക്തമാകുന്നു. നബി (സ്വ) ചെയ്യാത്ത ഒരുകാര്യം നാം എങ്ങനെ ചെയ്യുമെന്ന സ്വിദ്ദീഖ് (റ) വിന്റെ ചോദ്യത്തില്‍ നിന്ന് (ബുഖാരി, ഹദീസ് നമ്പര്‍ 4986) നബി(സ്വ)യുടെ കാലത്തില്ലാത്ത ഒന്ന് ഇതു സംബന്ധമായി സ്വഹാബത് ചെയ്തുവെന്ന് വ്യക്തമാക്കുന്നു. ഇതിനെ പുണ്യമുള്ള ബിദ്അത് എന്നാണ് വിശേഷിപ്പിക്കുന്നത്.

11:13 | Posted in | Read More »

മരിച്ചവരുടെ കേള്‍വിശക്തി

ചോദ്യം:
മരിച്ചവര്‍ക്ക് കേള്‍വിശക്തിയില്ലെന്ന് ആഇശ(റ) പറഞ്ഞതായി ഒരു മൌലവി പ്രസംഗിക്കുന്നത് കേട്ടു. ശരിയാണോ?
ഉത്തരം:
ബുഖാരി, മുസ്ലിം, നസാഇ, ഇബ്നുഅബീഹാതിം, ഇബ്നുമുര്‍ദവൈഹി(റ.ഹും) തുടങ്ങിയവര്‍ ഇബ്നുഉമര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസാകാം മൌലവി ആധാരമാക്കിയത്. അതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ട കാഫിറുകളുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് നബി(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങളോട് കരാര്‍ ചെയ്ത കാര്യത്തെ നിങ്ങള്‍ യാഥാര്‍ഥ്യമായി എത്തിച്ചോ. പിന്നീട് നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിശ്ചയം അവര്‍ കേള്‍ക്കുന്നുണ്ട്.”
ഈ സംഭവം ആഇശ(റ)യോട് പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അവര്‍ കേള്‍ക്കുന്നുവെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ ഇതാണ്: ദുനിയാവില്‍ വെച്ച് ഞാന്‍ അവരോട് പറഞ്ഞിരുന്ന കാര്യം യാഥാര്‍ഥ്യമായിരുന്നുവെന്നവര്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ട്. കാരണം മരിച്ചവരെ നിശ്ചയം നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ’ (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).
ഈ ഖുര്‍ആനിക സൂക്തത്തിന്റെ ബാഹ്യം പിടിച്ചുകൊണ്ട് നബി(സ്വ)യുടെ വാക്ക് ആഇശ(റ) ഇങ്ങനെ വ്യാഖ്യാനിച്ചത് അവരുടെ ഇജ്തിഹാദ് മാത്രമാണ്. പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനം ആഇശ(റ) നബി(സ്വ)യില്‍ നിന്ന് കേട്ടിട്ടില്ലെന്നു വ്യക്തമാണ്.
കാരണം ഇമാം മുസ്ലിം(റ), ഇബ്നു മുര്‍ദവൈഹി(റ) എന്നിവര്‍ അനസുബ്നു മാലികി (റ)ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു.
നബി(സ്വ)ബദ്റില്‍ കൊല്ലപ്പെട്ടവരുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് ഉമയ്യതുബ്നു ഖലഫ്, അബൂജഹ്ലുബ്നു ഹിശാം, ഉത്ബതുബ്നു റബീഅത് തുടങ്ങിയവരുടെ പേരു വിളിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ നാഥന്‍ നിങ്ങളോട് കരാര്‍ ചെയ്തത് യാഥാര്‍ഥ്യമായി എത്തിച്ചുവോ? ഇതുകേട്ട ഉമര്‍(റ) ചോദിച്ചു. മൂന്നുദിവസം കഴിഞ്ഞാ ണ് തങ്ങള്‍ അവരെ വിളിക്കുന്നത്. അവര്‍ അത് കേള്‍ക്കുമോ. മരിച്ചവരെ തീര്‍ച്ചയായും നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു. എന്റെ ശരീരം ആരുടെ ഉടമയിലാണോ അവന്‍ തന്നെ സത്യം. നിങ്ങള്‍ അവരെക്കാള്‍ കേള്‍വിശക്തിയുള്ളവരൊന്നുമല്ല. പക്ഷേ, അവര്‍ക്ക് ഉത്തരം ചെയ്യാന്‍ കഴിയില്ലെന്ന് മാത്രം.”
ബഹു. അഹ്മദുബ്നു ഹമ്പല്‍, ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ (റ.ഹും) തുടങ്ങിയവര്‍ ഖതാദ(റ) വഴിയായി അബൂത്വല്‍ഹ(റ)യില്‍ നിന്നുദ്ധരിക്കുന്നതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ടവരുടെ പേര് വിളിച്ചുകൊണ്ടുള്ള നബി(സ്വ)യുടെ ചോദ്യം കേട്ടപ്പോള്‍ ഉമര്‍(റ) ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആത്മാവില്ലാത്ത ജഢങ്ങളോടാണോ തങ്ങള്‍ സംസാരിക്കുന്നത്. പ്രത്യുത്തരമായി നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിങ്ങളിലുപരി നിശ്ചയം അവര്‍ കേള്‍ക്കുന്നവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).
അവര്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ലെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ സാധാരണഗതിയില്‍ മനുഷ്യര്‍ കേള്‍ക്കുന്നവിധം മറുപടി പറയാന്‍ കഴിയില്ലെന്നും അവരുടെ മറുപടി സാധാരണ രീതിയില്‍ മനുഷ്യര്‍ കേള്‍ക്കില്ലെന്നുമാണെന്ന് ഇമാം സുയൂത്വി(റ) ശറഹു സ്വുദൂര്‍ പേജ് 70ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ബഹു. അബൂശൈഖ്(റ) ഉബൈദുല്ലാഹിബ്നു മര്‍സൂഖി(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അവര്‍ പറയുന്നു. “മദീനാ പള്ളി അടിച്ചുവാരിയിരുന്നൊരു സ്ത്രീ മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ നബി(സ്വ)യും കൂടെയുണ്ടായിരുന്നവും ഖബറിനരികില്‍ വന്ന് നിസ്കരിച്ച ശേഷം നബി(സ്വ) ഇങ്ങനെ ചോദിച്ചു. നീ ചെയ്ത അമലുകളില്‍ ഏറ്റവും പുണ്യമായി നിനക്കനുഭവപ്പെട്ടത് ഏതാണ്. സ്വഹാബത് ചോദിച്ചു. അവര്‍ കേള്‍ക്കുമോ നബിയേ, നബി(സ്വ) പറഞ്ഞു. നിശ്ചയം അവളിലുപരി കേള്‍ക്കുന്നവരല്ല നിങ്ങള്‍. അവര്‍ പള്ളി അടിച്ചുവാരിയിരുന്ന അമലാണ് ഏറ്റവും പുണ്യമായി എത്തിച്ചതെന്ന് പ്രത്യുത്തരം നല്‍ കിയെന്ന് നബി(സ്വ) പറയുകയുണ്ടായി” (അത്തര്‍ഗീബു വത്തര്‍ഹീബ് 1/197).
ഇബ്നുഉമര്‍(റ)ന്റെ നിവേദനത്തെ ആഇശ(റ) ഖണ്ഡിച്ചത് സംബന്ധിച്ച് ഹാഫിള് ഇബ്നുഹജര്‍(റ) എഴുതുന്നു: “ആഇശ(റ)യുടെ ഉപര്യുക്ത വ്യാഖ്യാനത്തില്‍ ബഹുഭൂരിപക്ഷം പണ്ഢിതന്മാരും അവരോടെതിരായിരിക്കുകയാണ്. അവരെല്ലാം ഇബ്നുഉമറി (റ)ന്റെ ഹദീസ് സ്വീകരിച്ചിരിക്കുന്നു. ഈ ഹദീസ് നിവേദനം ചെയ്ത മറ്റുള്ളവരെല്ലാം ഇബ്നുഉമറി(റ)നോട് യോജിച്ചത് കൊണ്ടാണിത്. എന്നാല്‍പിന്നെ മരിച്ചവരെ നിങ്ങള്‍ കേള്‍പ്പിക്കില്ലെന്ന ആശയം വരുന്ന സൂക്തം ആഇശ(റ) രേഖയാക്കിയതിന് മറുപടിയായി പണ്ഢിതന്മാര്‍ പറയുന്നതിപ്രകാരമാണ്. മരിച്ചവരെ കേള്‍പ്പിക്കില്ലെന്ന് പറഞ്ഞത് അവര്‍ക്ക് പ്രയോജനപ്രദമാകും വിധം കേള്‍പ്പിക്കില്ലെന്നോ അെല്ലങ്കില്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ കേള്‍പ്പിക്കില്ലെന്നോ ആണ്. സുഹൈലി(റ) പറയുന്നതിപ്രകാരമാണ്. നബി (സ്വ) (മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍വെച്ച്) പറഞ്ഞ വാക്കിന് ദൃക്സാക്ഷിയല്ല ആഇശ(റ). കാരണം അവര്‍ അവിടെ അപ്പോഴുണ്ടായിരുന്നില്ല. അവിടെ സന്നിഹിതരായ മറ്റുള്ളവരാകട്ടെ റസൂലേ, ശവങ്ങളായ ഈ വിഭാഗത്തോടാണോ തങ്ങള്‍ അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യത്തിന് അവിടുന്നരുളിയത്, ഞാന്‍ പറയുന്നതിനെ അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍ എന്നാണ്. മാത്രമല്ല ആ സന്ദര്‍ഭത്തില്‍ അവ ര്‍ക്ക് ബോധ്യമാകും വിധം ജ്ഞാനികളാകാന്‍ സാധ്യതയുണ്ടെങ്കില്‍ എന്തുകൊണ്ട് കേള്‍വിശക്തിയുള്ളവരാകാന്‍ സാധ്യതയില്ല. ഒരുപക്ഷേ, നേരെ ചെവികള്‍ കൊണ്ട് തന്നെ കേട്ടിരിക്കാം. ഇതാണ് ഭൂരിപക്ഷത്തിന്റെയുമഭിപ്രായം. അതല്ലെങ്കില്‍ ആത്മീയമായ കേള്‍വിയുമാകാം. ആത്മാവിനെ ശരീരത്തിലേക്ക് മടക്കല്‍ കൂടാതെ തന്നെ ആത്മാവിനോടാണ് ചോദ്യമെന്ന് പറയുന്നവരുടെ അഭിപ്രായമാണിത്” (ഫത്ഹുല്‍ ബാരി 3/300) ഇപ്രകാരം ഉംദതുല്‍ഖാരി 8/202ലും കാണാം.
മേല്‍ സൂക്തം സംബന്ധിച്ച് ഉല്‍പതിഷ്ണു മൌലവിമാരുടെ അവലംബ പണ്ഢിതന്‍ കൂടിയായ ഇബ്നുല്‍ഖയ്യിമിന്റെ വിശദീകരണം കാണുക. “മേല്‍ സൂക്തത്തിന്റെ ശൈലി ഇപ്രകാരമാണ് കുറിക്കുന്നത്. പ്രയോജനപ്രദമായ രൂപത്തില്‍ മരണപ്പെട്ടവരെ കേള്‍പ്പിക്കാന്‍ (പറഞ്ഞ കാര്യമനുസരിപ്പിക്കാന്‍) സാധ്യമല്ലാത്തതുപോലെ ഹൃദയം മരിച്ച അവിശ്വാസികളെ പ്രയോജനപ്രദമാം വിധം കേള്‍പ്പിക്കാന്‍ (പറഞ്ഞതനുസരിപ്പിക്കാന്‍) തങ്ങ ള്‍ക്ക് കഴിയില്ലെന്നാണ് മേല്‍ സൂക്തത്തിന്റെ വിവക്ഷ. എന്നല്ലാതെ മരിച്ചവര്‍ക്ക് കേള്‍വിശക്തി തന്നെയില്ലെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടേയില്ല. അതെങ്ങനെ ഉദ്ദേശിക്കും. ജനാസ സംസ്കരണ കര്‍മങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ചെരിപ്പടി ശബ്ദം വരെ മരിച്ചവര്‍ കേള്‍ക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ” (കിതാബുര്‍റൂഹ് 45, 45).
ഇമാം സുയൂത്വി(റ) പറയുന്നു: “(മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍ വെച്ച് നബി(സ്വ) പറഞ്ഞതായി) ഇബ്നുഉമര്‍(റ) ഉദ്ധരിച്ച വിഷയത്തില്‍ അവര്‍ ഒറ്റപ്പെട്ടിട്ടില്ല. അവരുടെ പിതാവായ ഉമര്‍, അബൂത്വല്‍ഹത്, ഇബ്നുമസ്ഊദ് (റ.ഹും) തുടങ്ങിയവരും മറ്റും ഇബ്നുഉമറി(റ)നോട് യോജിച്ചിട്ടുണ്ട്. എന്നല്ല, ആഇശ(റ)യില്‍ നിന്ന് തന്നെ ഇപ്രകാരം വന്നിട്ടുമുണ്ട്. നല്ല പരമ്പരയിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിച്ചതാണിത്. ഇതനുസരിച്ച് ആഇശ(റ) മരിച്ചവരുടെ കേള്‍വിയെ നിഷേധിക്കുന്ന വാദത്തില്‍ നിന്ന് മടങ്ങിയിരിക്കണം. സംഭവത്തിന് ആഇശ(റ) ദൃക്സാക്ഷിയാകാത്തതിനാലും ദൃക്സാക്ഷികളായ സ്വ ഹാബത് മേല്‍പറഞ്ഞ പ്രകാരം ഉദ്ധരിച്ചത് അവരുടെ അരികില്‍ സ്ഥിരപ്പെട്ടതിനാലുമാണിത്” (സുയൂത്വി(റ)യുടെ ഹാശിയതുനസാഇ 4/111).

11:13 | Posted in | Read More »

തലപ്പാവണിയല്‍

ചോദ്യം:തലപ്പാവണിയല്‍ സുന്നത്തില്ലെന്നും അതിന് വ്യക്തമായ തെളിവുകളില്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ?
ഉത്തരം:
ശരിയല്ല. നബി(സ്വ) തലപ്പാവ് ധരിച്ചിരുന്നതായി ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം മുസ്ലിം, അബൂദാവൂദ്, നസാഈ, ഇബ്നുമാജ(റ. ഹും) തുടങ്ങിയവര്‍ ബഹു. അംറുബ്നു ഹുറൈസി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ഖുത്വുബ നിര്‍വഹിക്കുമ്പോള്‍ കറുത്ത തലപ്പാവണിഞ്ഞിരുന്നു (അത്തര്‍ഖീസുല്‍ ഹബീര്‍ 2/70).
ഈ ഹദീസ് ഇബ്നുസഅദ്(റ), ഇബ്നുഅബീശൈബ(റ), അഹ്മദുബ്നു ഹമ്പല്‍(റ) തുടങ്ങിയവരും നിവേദനം ചെയ്തതായി ഇമാം സുയൂത്വി(റ) പറഞ്ഞതിനുശേഷം, നബി(സ്വ)യും ധാരാളം സ്വഹാബാക്കളും മറ്റുള്ളവരും തലപ്പാവണിഞ്ഞിരുന്നതായി വിവിധ ഹദീസുകള്‍ കൊണ്ട് തെളിയിച്ചിട്ടുണ്ട് (ഫതാവാ സുയുത്വി 1/76, 77, 78 നോക്കുക).
ബഹു. അലി(റ)ന് നബി(സ്വ) തലപ്പാവണിയിച്ച് കൊടുത്തുവെന്ന് ഇബ്നു അബീശൈബ(റ)യും അബൂദാവുദത്ത്വയാലസി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്തിട്ടുണ്ട് (അല്‍ മവാഹിബുല്ലദുന്നിയ്യ 5/12 സുര്‍ഖാനി സഹിതം നോക്കുക).
അബൂഉമാമ(റ)യില്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം: ‘നബി(സ്വ) തലപ്പാവണിയിച്ച് കൊടുത്തിട്ടല്ലാതെ ഒരാളെയും കാര്യകര്‍ത്താവാക്കി നിയമിക്കാറുണ്ടായിരുന്നില്ല’ (അല്‍ ജാമിഉസ്സഗീര്‍ 2/114).
ഇത്രയും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട സുന്നത്താണ് തലപ്പാവണിയല്‍ എന്ന് വ്യക്തമാകുമ്പോള്‍ ഇത് വെറും അറേബ്യന്‍ ആചാരമാണെന്നും സുന്നത്തല്ലെന്നും പറയുന്നത് മൌഢ്യമാണ്. ഇനി ആചാരമാണെന്ന് സമ്മതിച്ചാല്‍ തന്നെ നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ശേഷമുള്ള സദ്വൃത്തരുടെയും ആചാരങ്ങള്‍ തന്നെയാണല്ലോ പിന്തുടരാന്‍ ഏറ്റവും അര്‍ഹമായത്. മാത്രമല്ല, മുന്‍കാല അമ്പിയാക്കന്മാരുടെയും മുര്‍സലുകളുടെയും ചര്യയായിരുന്നു തലപ്പാവണിയല്‍. ജിബ്രീല്‍(റ) തലപ്പാവണിഞ്ഞായിരുന്നു ഇറങ്ങിവന്നിരുന്നതെന്ന് ഹദീസില്‍ വന്നതുതന്നെ മതിയായ തെളിവാണ്. അതൊരു വിഭാഗത്തിന്റെ ആചാരമല്ലെന്നതിന് തെളിവാണ് അബ്ദുറഹ്മാന്‍(റ)ന് നബി(സ്വ) തലപ്പാവണിയിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞത്. ‘ഇപ്രകാരം തലപ്പാവണിയുക, അതാണേറ്റവും ഭംഗിയുള്ളത്.’ ഇത്രയും കാര്യങ്ങള്‍ അത്താജുല്‍ ജാമിഇലില്‍ ഉസ്വുല്‍ 1/150ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇതുകൊണ്ട് തന്നെ ബഹു. ഇബ്നുഹജര്‍(റ) പറയുന്നു: ‘നിസ്കാരത്തിനും ഭംഗിക്കും വേണ്ടി തലപ്പാവണിയല്‍ സുന്നത്താണ്. കാരണം ധാരാളം ഹദീസുകള്‍ കൊണ്ട് തെളിഞ്ഞതാണത്. നബി(സ്വ) കറുത്ത തലപ്പാവണിഞ്ഞിരുന്നുവെന്നും ബദ്റില്‍ മലകുകളിറങ്ങിയപ്പോള്‍ മഞ്ഞ തലപ്പാവണിഞ്ഞിരുന്നുവെന്നും സ്വഹീഹായി വന്നിട്ടുണ്ടെങ്കിലും അത് സാധ്യതകള്‍ക്ക് വിധേയമായ സംഭവങ്ങളാണ്. വെള്ളവസ്ത്രം ധരിക്കാന്‍ നബി   (സ്വ) കല്‍പ്പിച്ചതായി സ്വഹീഹായ ഹദീസില്‍ വന്നതുകൊണ്ട് തലപ്പാവ് വെള്ളയായിരിക്കലാണ് ഏറ്റവും ഉത്തമമായത്’ (തുഹ്ഫ 3/36) നോക്കുക).
നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് ഏറ്റവും ഉത്തമമായത് എന്ന ആശംയ വരുന്ന ഹദീസ് നസാഈ(റ) ഒഴികെയുള്ള അസ്വ്ഹാബുസ്സുനന്‍, ഇമാം ശാഫിഈ(റ), അഹ്മദുബ്നു ഹമ്പല്‍(റ), ഇബ്നുഹിബ്ബാന്‍(റ), ഹാകിം(റ) ബൈഹഖി(റ) തുടങ്ങിയവര്‍ ഇബ്നു അബ്ബാസ്(റ) വഴിയായി നിവേദനം ചെയ്തിട്ടുണ്ടെന്ന് ബഹു. അസ്ഖലാനി(റ) അത്തല്‍ഖീസ്വുല്‍ ഖബീര്‍ 2/69ല്‍ ഉദ്ധരിച്ചിട്ടുണ്ട്.

11:11 | Posted in | Read More »

കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!

നിസ്കാരാനന്തരം കൂട്ടപ്രാര്‍ഥന നടത്തുന്നത് നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന് അബൂ ഇസ്ഹാഖശ്ശാത്വബിയുടെ അല്‍ ഇഅ്തിസ്വാം 1/456, 457ല്‍ നിന്നുദ്ധരിച്ചുകൊണ്ട് മൌലവിമാര്‍ പറയുന്നു. വിശദീകരിച്ചാലും.???
ഉത്തരം: ഇയാള്‍ മൌലവിമാരെ പോലുള്ള മറ്റൊരാളാണ്. എന്നാല്‍ തന്നെയും പ്രസ്തുത പ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവല്ലെന്നേ പറഞ്ഞിട്ടുള്ളൂ. പാടേ അത് നബിചര്യയല്ലെന്ന് പറഞ്ഞ് നിഷേധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സുന്നികള്‍ പതിവാക്കുന്നതിനെ മാത്രമാണ് അദ്ദേഹം തന്റെ അല്‍ ഇഅ്തിസ്വാമില്‍ എതിര്‍ത്തിട്ടുള്ളത്. ഇത് ഇഅ് തിസ്വാം നോക്കിയാല്‍ ഗ്രാഹ്യമാകും.
ഇഅ്തിസ്വാമിന്റെ വാക്കുകള്‍ കാണുക. ‘ഉന്‍ദുലിസിലെ ജനങ്ങള്‍ നിത്യമായി പതിവാക്കിപ്പോന്ന നിസ്കാരാനന്തര കൂട്ടപ്രാര്‍ഥന ഒരു ഇമാമ് ഉപേക്ഷിച്ച സംഭവമുണ്ടായി. മറ്റ് രാജ്യങ്ങളിലും അറിയപ്പെടുന്നത് ഉന്‍ദുലിസിലേത് പോലെ തന്നെയാണ്. കാരണം ഇവിടങ്ങളില്‍ നിസ്കാരാനന്തരം ഇമാമ് പ്രാര്‍ഥന നടത്തുകയും ഹാജരുള്ളവരൊക്കെ ആമീന്‍ പറയുകയും ചെയ്തുവരുന്നു. ഇത് നബി(സ്വ)യുടെയോ മറ്റ് ഇമാമുകളുടെയോ ചര്യയല്ലെന്ന് വെച്ചാണ് പ്രസ്തുത ഇമാം ഉപേക്ഷിച്ചത്’ (ഇഅ്തിസ്വാം 1/288).
ഇഅ്തിസ്വാം തുടരുന്നു: “നബി(സ്വ) പ്രസ്തുത ദുആ പതിവായി ചെയ്തിരുന്നെങ്കില്‍ വിത്റ് നിസ്കാരം പോലെയുള്ള സുന്നത്തുകളോട് ഈ ദുആ ചേരേണ്ടതായിരുന്നു. അപ്പോള്‍ ഈ കൂട്ടപ്രാര്‍ഥന നിത്യമായി ചെയ്യുന്ന പതിവ് നബിചര്യയില്‍ പെട്ടതല്ലെന്നാണ് വരുന്നത്” (അല്‍ ഇഅ്തിസ്വാം 1/290).
ഇഅ്തിസ്വാമിന്റെ വാക്കുകളില്‍ നിന്ന് അധിക നാടുകളിലും ഇത് നടന്നുവരുന്നുണ്ടെ ന്നും നിസ്കാരാനന്തര കൂട്ടപ്രാര്‍ഥനയെ മൌലവിമാര്‍ എതിര്‍ക്കുംപോലെ പാടേ എതിര്‍ ക്കുന്നില്ലെന്നും ഒരിക്കലും ഇടവിടാതെ നിത്യമായി പതിവാക്കുന്നതിനെ മാത്രമേ എതിര്‍ ത്തിട്ടുള്ളൂവെന്നും ചിന്തിക്കുന്ന ആര്‍ക്കും വ്യക്തമാകും.

11:10 | Posted in | Read More »

മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍

ചോദ്യം: മരണവാര്‍ത്ത നാടൊട്ടുക്കും അറിയിക്കാന്‍ മൈക്ക് കെട്ടി ആഭാസകരമായ രീതിയില്‍ അനൌണ്‍സ് ചെയ്യുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണല്ലോ. ഇത് പ്രോത്സാഹ ജനകമാണോ?
ഉത്തരം: “മയ്യിത്തിന് വേണ്ടി ഖുര്‍ആന്‍ ഓതുക, പ്രാര്‍ഥന നടത്തുക, നിസ്കരിക്കുക തുടങ്ങിയവക്ക് കൂടുതല്‍ ജനങ്ങള്‍ സംഘടിക്കുവാന്‍ മരണവാര്‍ത്ത ജനങ്ങളെ അറിയിക്കുക എന്ന സദുദ്ദേശ്യത്തില്‍ അനൌണ്‍സ് നടത്തുന്നതില്‍ പന്തികേടൊന്നുമില്ല” (റൌള 1/612).
ഇമാം നവവി(റ) തന്നെ പറയട്ടെ: “വിളിച്ചുപറയല്‍ കൊണ്ടോ (ആളെ അയച്ച്) അറിയിക്കല്‍ കൊണ്ടോ മരണവാര്‍ത്ത ജനങ്ങളില്‍ വിളംബരം ചെയ്യല്‍ സുന്നത്താണോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. മയ്യിത്തിന് വേണ്ടി പ്രാര്‍ഥന നടത്തുന്നവരും നിസ്കരിക്കുന്നവരും അധികരിക്കാന്‍ ഇത് കാരണമാകുന്നത് കൊണ്ട് സുന്നത്ത് തന്നെയാണെന്നാണ് ഒരഭിപ്രായം. നിരുപാധികം സുന്നത്തില്ലെന്ന് മറ്റൊരു പക്ഷവും. വിദേശിയാണ് മരിച്ചതെങ്കില്‍ സുന്നത്താകുമെന്നാണ് മറ്റൊരഭിപ്രായം. എന്നാല്‍ സ്വഹീഹായ ഹദീസുകളുടെ താത്പര്യപ്രകാരം പ്രബലമായ അഭിപ്രായം ഇതാണ്. മരണവാര്‍ത്ത അറിയാത്തവരെ അറിയിക്കുന്നത് കറാഹത്തൊന്നുമല്ല. മാത്രമല്ല നിസ്കാരത്തിനും മറ്റും ആളുകള്‍ വര്‍ധിക്കുന്നതിന് വേണ്ടി എന്ന ഉദ്ദേശ്യത്തില്‍ മാത്രമാണെങ്കില്‍ അത് സുന്നത്ത് തന്നെയാണ്. മയ്യിത്തിന്റെ സല്‍ഗുണങ്ങളും മേന്മകളും പറഞ്ഞ് ജനങ്ങളുടെ ഇടയില്‍ ചുറ്റി സഞ്ചരിച്ചുകൊണ്ട് മരണവാര്‍ത്തയറിയിക്കുന്നത് മാത്രമാണ് കറാഹത്താകുന്നത്. വിലക്കപ്പെട്ടതും ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്നതും ഇതായിരുന്നു. കേവലം അറിയിക്കലല്ല. കാരണം അത് ഹദീസുകളില്‍ സ്വഹീഹായി വന്നതാണ്. അപ്പോള്‍പിന്നെ ആ ഹദീസുകളെ നിഷ്ഫലമാക്കിക്കൂട” (ശര്‍ഹുല്‍ മുഹദ്ദബ് 5/216).
ജാഹിലിയ്യാ യുഗത്തില്‍ നടത്തിയിരുന്ന മരണവാര്‍ത്ത അറിയിക്കല്‍ സമ്പ്രദായം ബഹു. ഹമീറ(റ) വിവരിക്കുന്നത് കാണുക. “അവരില്‍ ഒരു പ്രധാനി മരണപ്പെട്ടാല്‍ എല്ലാ ഖബീലകളിലും ചെന്ന് മയ്യിത്തിന്റെ മേന്മകളും ഗുണങ്ങളും പറഞ്ഞുകൊണ്ട് വിളിച്ചുപറയുന്നതിനുവേണ്ടി ഒരു വാഹനക്കാരനെ അവര്‍ പറഞ്ഞയക്കുമായിരുന്നു” (ഹാശിയത്തുല്‍ മഹല്ലി 1/345)
ഇബ്നുഹജര്‍(റ) പറയുന്നു: “മയ്യിത്തിനുവേണ്ടി കരുണ ചെയ്യല്‍, പ്രാര്‍ഥിക്കല്‍, നിസ്കരിക്കല്‍ തുടങ്ങിയവക്ക് വേണ്ടി വിളിച്ചുപറഞ്ഞോ മറ്റോ മരണവാര്‍ത്ത അറിയിക്കല്‍ സുന്നത്താണ്. മയ്യിത്തിന്റെ മേന്മകളും ഗുണങ്ങളും പരാമര്‍ശിച്ച് വിളിച്ചുപറയുന്ന ജാ ഹിലിയ്യാ സമ്പ്രദായം കറാഹത്തുമാണ്. സ്വഹീഹായ ഹദീസില്‍ ഇത് വിലക്കപ്പെട്ടിട്ടുണ്ട്” (തുഹ്ഫ 3/183). ഇപ്രകാരം നിഹായ 3/20ലും മുഗ്നി 1/357ലും കാണാം.
ശൈഖുല്‍ ഇസ്ലാം(റ) പറയുന്നത് കാണുക: “മയ്യിത്ത് നിസ്കരിക്കുന്ന ആളുകള്‍ അധികരിക്കുന്നതിനുവേണ്ടി മരണവാര്‍ത്ത അറിയിക്കലാണ് ഉദ്ദേശ്യമെങ്കില്‍ അത് സുന്നത്ത് തന്നെയാണ്.”
ഈ വാക്ക് വ്യാഖ്യാനിച്ച് കൊണ്ട് ജമല്‍(റ) എഴുതുന്നു: “മയ്യിത്തിന്റെ സല്‍ഗുണങ്ങളും പൊലിവുകളും പറഞ്ഞുകൊണ്ടായാലും സുന്നത്തുതന്നെയാണ്. നിസ്കരിക്കാന്‍ ആളു കള്‍ക്ക് അത് പ്രചോദനമാകുമെന്ന് ഉദ്ദേശിക്കുമ്പോഴാണിത്. എന്നല്ലാതെ ജാഹിലിയ്യാ പതിവുപോലെ പൊങ്ങച്ചത്തിന് വേണ്ടിയാണെങ്കിലല്ല. അങ്ങനെയാകുമ്പോള്‍ മയ്യിത്തിലുള്ള ഗുണങ്ങള്‍ വാസ്തവമായി പറഞ്ഞാലും അത് കറാഹത്ത് തന്നെയാണ്. എന്നാല്‍ ഇന്ന് ചില നാടുകളില്‍ അസത്യമായ ഗുണങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട് മരണവാ ര്‍ത്ത അറിയിക്കുന്ന സമ്പ്രദായം ഹറാമും അത് വിരോധിക്കല്‍ നിര്‍ബന്ധവുമാകുന്നു” (ഹാശിയതുല്‍ ജമല്‍ 2/155, 156)
ബഹു. ഇബ്നുഹജര്‍(റ) ശറഹുബാഫള്ല്‍ 2/103ല്‍ എഴുതുന്നു: “മരണവാര്‍ത്ത അറിയിക്കല്‍ സുന്നത്താണ്. അനുയോജ്യമല്ലാത്ത ഗുണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് പ്രശസ്തിക്കും ലോകമാന്യത്തിനും ആയിക്കൂടാ അത്. പ്രത്യുത നിസ്കരിക്കുന്നവര്‍ വര്‍ധിക്കാന്‍ വേണ്ടിയാകണം. ഇത്തിബാഇനു വേണ്ടിയാണിത്.”
ഇത് വ്യാഖ്യാനിച്ചുകൊണ്ട് മൌഹിബ 3/395ല്‍ എഴുതുന്നു: “മയ്യിത്ത് നിസ്കാരത്തിന് ആളുകള്‍ വര്‍ധിക്കുക എന്ന ഉദ്ദേശ്യം പോലെ തന്നെയാണ് പ്രാര്‍ഥനയും, ഖുര്‍ആന്‍ പാരായണവും നടത്തുന്നവര്‍ വര്‍ധിക്കലെന്ന ഉദ്ദേശ്യവും. ഇത് ഉദ്ദേശിച്ച് മരണവാര്‍ത്ത അറിയിക്കലും സുന്നത്താകുമെന്ന് സംക്ഷിപ്തം.”
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം.
1) ലോകമാന്യം, പ്രശസ്തി, പൊങ്ങച്ചം തുടങ്ങിയ ദുരുദ്ദേശ്യങ്ങളാണ് അനൌണ്‍സിന് പിന്നിലെങ്കില്‍ അതൊട്ടും ഗുണകരമല്ല.
2) മയ്യിത്തിനില്ലാത്ത അസത്യഗുണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് നടത്തുന്ന അനൌണ്‍സ് തികച്ചും ഹറാമും വിലക്കപ്പെട്ടതുമാകുന്നു.
3) ഇപ്രകാരമുള്ളതായിരുന്നു ജാഹിലിയ്യാ യുഗത്തിലെ സമ്പ്രദായം.
4) ഖുര്‍ആന്‍ പാരായണം, ദുആഅ്, നിസ്കാരം തുടങ്ങിയവക്ക് ജനങ്ങള്‍ വര്‍ധിക്കലെന്ന ഉദ്ദേശ്യപ്രകാരമുള്ള അനൌണ്‍സ് സുന്നത്തും പ്രോത്സാഹജനകവുമാകുന്നു.
5) ജനങ്ങള്‍ക്ക് പ്രചോദകമാകുമെന്നുകണ്ടാല്‍ ഈ ഉദ്ദേശ്യത്തോടെ മയ്യിത്തിലുള്ള സത്യഗുണങ്ങള്‍ പരാമര്‍ശിക്കുന്നത് പുണ്യം തന്നെയാകുന്നു.
6) മരണവാര്‍ത്ത അറിഞ്ഞാലും നിസ്കാരവും മറ്റും അവര്‍ നിര്‍വഹിക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും അങ്ങനെയുള്ള പ്രദേശങ്ങളിലേക്ക് അനൌണ്‍സുമായി പോകുന്നത് പുണ്യമൊന്നുമല്ല.
7) കേവലം നാട്ടാചാരമായി മാത്രം അനൌണ്‍സ് നടത്തുന്നത് സുന്നത്തും പ്രോത്സാഹജനകവുമല്ല.

11:09 | Posted in | Read More »

അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???

ചോദ്യം: താബിഉകള്‍ (അനുബന്ധങ്ങള്‍) ഇല്ലെങ്കിലും വെറും അര്‍കാനുകള്‍ (അവിഭാജ്യഘടകങ്ങള്‍) കൊണ്ട് മാത്രം ഖുത്വുബ സ്വീകാര്യമാകുമല്ലോ. അതിനാല്‍ റുക്നുകളുടെ നിബന്ധനകള്‍ ഇവക്കുണ്ടോ? വിശേഷിച്ചും തുഹ്ഫ, ഖല്‍യൂബി പോലുള്ള ഗ്ര ന്ഥങ്ങളില്‍ കാണുന്നത് അനുബന്ധങ്ങള്‍ ഇതര ഭാഷയിലാകുന്നത് ബുദ്ധിമുട്ടാക്കില്ലെന്നാണ്. ആയതിനാല്‍ തവാബിഉകളെങ്കിലും പരിഭാഷപ്പെടുത്തിക്കൂടേ?
ഉത്തരം: ഇസ്ലാം കേവലം ബുദ്ധികൊണ്ട് മാത്രം കണ്ടെത്തപ്പെടുന്ന ഒരു നിഗമനശാസ്ത്രമല്ല. ഇതിന് ബുദ്ധിയുടെ പരിധിയിലൊതുങ്ങി നില്‍ക്കാത്ത നിയമവും ചിട്ടയുമുണ്ട്. അതുകൊണ്ടാണ് ഈ മതം പ്രവാചകന്മാര്‍ വഴി അല്ലാഹുവില്‍ നിന്ന് അവതരിച്ചത്. ചിന്തയെ മാത്രം ആസ്പദമാക്കിയായിരുന്നെങ്കില്‍ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരുടെ നീണ്ട ശൃംഖല ഇവിടെ ആവശ്യമില്ലായിരുന്നു.
അവര്‍ പഠിപ്പിച്ചതാണ് മതം. അതിലെ ആരാധനകളും ജീവിത ക്രമീകരണങ്ങളുമെല്ലാം അവര്‍ കാണിച്ചുതരും വിധം തന്നെ. അതില്‍നിന്നും അണുഅളവ് വ്യത്യാസപ്പെടുത്താന്‍ ഒരാള്‍ക്കും അവകാശമില്ല. എന്ന് മാത്രമല്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല.
നബി(സ്വ) പറഞ്ഞു: “ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ട അതേക്രമത്തില്‍ നിങ്ങളും നിസ്കരിക്കുക” (ബുഖാരി 1/88).
എന്താണ് ഇപ്പറഞ്ഞതിന്റെ താത്പര്യം. ഓരോരുത്തരുടെയും നിസ്കാരം പ്രവാചക നി സ്കാരത്തോട് യോജിച്ചുകൊണ്ടായിരിക്കണമെന്ന് നബി(സ്വ) ഇവിടെ നമ്മെ പഠിപ്പിക്കുന്നു. അറബി ഖുത്വുബ ഓതിയാണ് നബി(സ) ജുമുഅ നിര്‍വഹിച്ചത്.
ജുമുഅ ഖുത്വുബ മഹത്തായൊരു ആരാധനയാണ്. കേവലം പ്രസംഗം എന്ന അര്‍ഥം പ്രഥമനോട്ടത്തില്‍ തന്നെ തെറ്റാണ്. മാത്രമല്ല, അതുവഴി ഇസ്ലാമിലെ ഒരു ആരാധനയെ തന്നെ മാറ്റിമറിക്കപ്പെടുമെന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ജനങ്ങള്‍ അനറബികളായാലും പെരുന്നാള്‍ ഖുത്വുബക്ക് പോലും അറബിയാകല്‍ അതി ന്റെ സാധുതക്ക് നിബന്ധനയാണെന്ന കര്‍മശാസ്ത്രപണ്ഢിതന്മാരുടെ വാക്കുകള്‍ക്ക് അലിയ്യുശ്ശിബ്റാമുല്ലസി(റ) ഇപ്രകാരം ന്യായീകരണം പറയുന്നു: “ഖുത്വുബ കൊണ്ടുദ്ദേശ്യം കേവലം പ്രസംഗമല്ല. എന്നല്ല, അതില്‍ മികച്ച് നില്‍ക്കുന്നത് നബി(സ്വ)യോടുള്ള അനുകരണമാണ്. അതൊരു ആരാധനയാണെന്നതിലേക്ക് നോക്കിയാണിത്. പിന്നെ ഇ ബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചതായി ഞാന്‍ കണ്ടു. പെരുന്നാള്‍ ഖുത്വുബയുടെ സുന്നത്ത് വീടണമെങ്കില്‍ അതും അറബിയില്‍ തന്നെയാകല്‍ അത്യന്താപേക്ഷിതമാണ്” (ഹാശിയതുന്നിഹായ 2/391).
കര്‍മശാസ്ത്ര പണ്ഢിതര്‍ പറയുന്ന നിര്‍വചനം കാണുക: “ശറഈ ഭാഷയില്‍ ഖുത്വുബ കേവലം സംസാരമല്ല. ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങി ദുആ കൊണ്ടവസാനിപ്പിക്കപ്പെടുന്ന പ്രത്യേകമായ ഒരാരാധനയാണത്” (മുഗ്നി, 3/137).
മേല്‍ പ്രസ്താവിച്ചതനുസരിച്ച് നബി(സ്വ) അര്‍കാനുകള്‍ മാത്രം അറബിയിലും അനുബന്ധങ്ങള്‍ ശ്രോതാക്കളെ പരിഗണിച്ച് അവരുടെ ഭാഷയിലും നടത്തിയതായി തെളിഞ്ഞിരുന്നെങ്കില്‍ നമുക്കും അപ്രകാരം ചെയ്യാമായിരുന്നു.
എന്നാല്‍ ജുമുഅ നിര്‍ബന്ധമാക്കിയത് മുതല്‍ നബി(സ്വ) വഫാത്താകുന്നതുവരെ സ്വഹാബികള്‍ക്ക് ഖുത്വുബ നിര്‍വഹിച്ചത് നബി(സ്വ) തന്നെയായിരുന്നു. ലോകത്തെ എല്ലാ ഭാഷകളും വശമുണ്ടായിട്ടും മറ്റു നാട്ടുകാര്‍ അവിടുത്തെ ഖുത്വുബ സദസ്സില്‍ ഹാജരായിട്ടുപോലും ഒരു പദമെങ്കിലും അറബിയല്ലാതെ നബി(സ്വ) ഖുത്വുബയില്‍ ഉദ്ധരിച്ചിട്ടില്ല. അര്‍കാനുകളും തവാബിഉകളും മുഴുവന്‍ ഇതേക്രമത്തില്‍ തന്നെയായിരുന്നു.
ഇവിടെ സാധാരണയായി ഒരു സംശയമുന്നയിക്കാറുണ്ട്. അതിപ്രകാരമാണ്. നബി(സ്വ)യുടെ മാതൃഭാഷ അറബിയായിരുന്നു. അവിടുന്ന് സംബോധന ചെയ്ത ഭൂരിപക്ഷത്തിന്റെയും മാതൃഭാഷയും അറബി തന്നെ. അതിനാല്‍ നബി(സ്വ) അറബിയില്‍ ഖുത്വുബ നിര്‍വഹിച്ചത് അത് തങ്ങളുടെ സംസാരം മാതൃഭാഷയായതുകൊണ്ടാണെന്നുവെച്ചുകൂടേ?
ചിട്ടയൊപ്പിച്ച ഒരാരാധനാക്രമം ലോകത്തിന് പഠിപ്പിക്കാന്‍ വന്ന ഒരു പ്രവാചകനെ കുറിച്ചാണ് ഇങ്ങനെയൊരു സംശയം എന്നത് കൊണ്ട് തന്നെ ഈ ചോദ്യം അപ്രസക്തമായിത്തീരും. എങ്കിലും അതിനെ മാറ്റിവെച്ചുകൊണ്ടുതന്നെ പറയട്ടെ.
നബി(സ്വ) ഖുത്വുബയിലെ അര്‍കാനുകളും തവാബിഉകളും മുഴുവന്‍ അറബിയില്‍ നിര്‍വഹിച്ചത് അത് നബി(സ്വ)യുടെ സംസാരഭാഷയായതുകൊണ്ടല്ല. ഈ ആരാധനയുടെ രൂപവും ക്രമവും ഇപ്രകാരത്തിലാണെന്നതുകൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ നബി    (സ്വ)യുടെ കാലഘട്ടത്തിലും അനറബി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന പല സ്വഹാബികളും അനറബി സംസാരഭാഷയായ ഇതര നാടുകളിലേക്ക് ഇസ്ലാമിക സന്ദേശവുമായി പോയിട്ടുണ്ട്. കേവലം മാതൃഭാഷ എന്ന അടിസ്ഥാനത്തിലാണെങ്കില്‍ അവരെങ്കിലും അറബിയല്ലാത്ത ഭാഷയില്‍ ഖുത്വുബ നിര്‍വഹിക്കേണ്ടിയിരുന്നില്ലേ. ഇത് കണ്ടെത്താന്‍ സാധ്യമല്ല. അവരും അര്‍കാനുകളും തവാബിഉകളുമെല്ലാം നിര്‍വഹിച്ചതും അറബിയില്‍ തന്നെ.
പ്രവാചകരുടെ കാലശേഷവും ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതേക്രമത്തില്‍ തന്നെയാണ് ഈ ആരാധന നിര്‍വഹിക്കപ്പെട്ടത്. പതിനാല് നൂറ്റാണ്ടുകാലം മുസ്ലിം ലോകം ഇതേ ക്രമത്തില്‍ അനുവര്‍ത്തിച്ചുവന്നു. പരിഭാഷാ വാദികളുടെ നേതാവായ റശീദുരിളാ പോലും ഇക്കാര്യം തലകുലുക്കി സമ്മതിക്കുന്നത് നോക്കൂ. അദ്ദേഹം പറയുന്നു: “ലോകമുസ്ലിംകള്‍ മുന്‍കാലങ്ങളില്‍ ഖുര്‍ആനിലും നിസ്കാരങ്ങളിലും അല്ലാത്തവയിലുമുള്ള ദിക്റുകളും ജുമുഅയുടെയും പെരുന്നാളിന്റെയും ഖുത്വുബകളും അറബിയിലാണ് നിര്‍വഹിച്ചിരുന്നത്. ഈയടുത്തുവന്ന തുര്‍ക്കിയിലെ മുസ്ത്വഫാ കമാല്‍ ഒഴികെ. അയാള്‍ ഇസ്ലാമിനെ മാറ്റിനിര്‍ത്തുന്നതിന് വേണ്ടി അവിടുത്തെ ഖത്വീബുമാരോട് ഖുത്വുബ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ പണ്ഢിതന്മാര്‍ ശക്തിയായി ഈ പരിപാടിയെ എതിര്‍ത്തു” (തഫ്സീറുല്‍ മനാര്‍ 9/313).
ഇതുപോലെ ഇതിനെക്കാള്‍ വ്യക്തമായി അര്‍കാനും തവാബിഉകളും മുഴുവനും അറബിയില്‍ തന്നെയാകണമെന് വെളിവാക്കുന്ന ഇവരുടെത്തന്നെ മറ്റൊരു നേതാവായ കെ.എം. മൌലവി പറയുന്നത് കാണുക: “പ്രത്യേകം ശ്രദ്ധേയമായൊരു കാര്യം പറയാനുണ്ട്. എന്തെന്നാല്‍ സ്വഹാബികള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ തുടങ്ങിയ സലഫുകളാരും അറബിയല്ലാത്ത നാടുകളില്‍ ഖുത്വുബ നിര്‍വഹിച്ചപ്പോള്‍ ഖുത്വുബയുടെ അനുബന്ധങ്ങള്‍ നാട്ടുഭാഷയില്‍ പറഞ്ഞതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടുത്തിയതായോ നാം ഒരു കിതാബിലും കണ്ടിട്ടില്ല. മാത്രമല്ല, തീര്‍ച്ചയായും നബി(സ്വ)യും സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും അങ്ങനെ തുടങ്ങി മുന്‍കാലക്കാരായ എല്ലാ സദ്വൃത്തരും ഖുത്വുബയുടെ മുഖ്യഘടകങ്ങളും അനുബന്ധങ്ങളും മുഴുവന്‍ അറബിയില്‍ മാത്രമായിരുന്നു നിര്‍വഹിച്ചിരുന്നത്” (അല്‍ ഇര്‍ശാദ് പത്രം 1926 ജൂലൈ).
മേല്‍ വിവരിച്ചവകളില്‍ നിന്നും നബി(സ്വ)യുടെയും പില്‍ക്കാല മുസ്ലിംകളുടെയും ഖുത്വുബ ഇന്ന് സുന്നികള്‍ നിര്‍വഹിക്കുന്ന പ്രകാരം അര്‍കാനുകളും തവാബിഉകളും എല്ലാം അറബിയിലായിരുന്നുവെന്ന് വ്യക്തമായല്ലോ. ഇനി നമുക്ക് അങ്ങനെ ചെയ്യലേ നിര്‍വാഹമുള്ളൂ. കാരണം ഇസ്ലാമിന്റെ അന്തിമ തീരുമാനം ഈ വിധത്തിലാണെന്ന് നാം നേരത്തേ പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറയുന്നു: “സത്യം വെളിവായതിനുശേഷം ആരെങ്കിലും റസൂലിന് എതിര് പ്രവര്‍ത്തിക്കുകയും മുസ്ലിംകളുടെ മാര്‍ഗമല്ലാത്തതിനോട് അനുഗമിക്കുകയും ചെയ് താല്‍ അവന്‍ സ്വീകരിച്ച വഴി (തല്‍ക്കാലം) അവന് നാം സൌകര്യപ്പെടുത്തിക്കൊടുക്കും. അവനെ നാം നരകത്തില്‍ കടത്തുകയും ചെയ്യും. നരകം വളരെ ചീത്തയായ വാസസ്ഥലമാകുന്നു” (സൂറഃ അന്നിസാഅ് 115).
അടുത്തതായി ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം ഫുഖഹാഅ് ഇവ്വിഷയകമായി എന്തുപറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം.
“ഖുത്വുബ മുഴുവനും അറബിയിലായിരിക്കല്‍ നിബന്ധനയാണ്. ജനങ്ങള്‍ ഇക്കാലം വരെ അനുഷ്ഠിച്ചുവന്നതിനുവേണ്ടി” (മഹല്ലി 1/278).
“ജനങ്ങള്‍ക്ക് ഖുത്വുബയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ലെങ്കിലും ഇങ്ങനെ ത ന്നെയാണ് ചെയ്യേണ്ടത്. ഒരാളെങ്കിലും അവിടെ അറബി ഉച്ചരിക്കാന്‍ കഴിയുന്നവനായുണ്ടായിരിക്കെ അനറബിയില്‍ നിര്‍വഹിക്കപ്പെട്ടാല്‍ ഖുത്വുബ പരിഗണിക്കപ്പെടുകയില്ല” (ഖല്‍യൂബി 1/278).
“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് അതിന്റെ അര്‍ഥം തിരിഞ്ഞിട്ടില്ലെങ്കിലും ശരി. ഖത്വീബിന് പോലും അ തിന്റെ ഘടകങ്ങള്‍ മനസ്സിലാകണമെന്നില്ല” (ഫതാവല്‍ കുര്‍ദി, പേജ് 67).
ഖുത്വുബ അറബി ഭാഷയിലായിരിക്കണമെന്ന് ഭൂരിഭാഗം പണ്ഢിതന്മാരും ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കാരണം അത്തഹിയ്യാത്ത്, തക്ബീറതുല്‍ ഇഹ്റാം, പോലെയുള്ള നിര്‍ബന്ധ ദിക്റാണ് ഖുത്വുബ. അതുകൊണ്ട് അറബിയിലായിരിക്കല്‍ ശര്‍ത്വാണ്. ഞാന്‍ നിസ്കരിച്ചപോലെ നിങ്ങളും നിസ്കരിക്കുക എന്നാണ് നബി(സ്വ) പറഞ്ഞത്. നബി(സ്വ) അറബിയില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടാണല്ലോ നിസ്കരിച്ചത്” (ശര്‍ഹുല്‍ മുഹദ്ദബ് 4/521, 522).
ഏറ്റവും ഉന്നതരായ ഫുഖഹാക്കളെയാണ് മുകളിലുദ്ധരിച്ചത്. ഒരു കാരണവശാലും പ്രത്യേക ആരാധനയായ ജുമുഅ ഖുത്വുബ നബി(സ്വ) കാണിച്ചുതന്നതില്‍ നിന്ന് വ്യത്യാസപ്പെടുത്താന്‍ പാടില്ലെന്നവര്‍ പറയുന്നു.
ഇവിടെ ചോദ്യത്തിന്റെ കാതലായൊരു വശമുണ്ട്. അത് ഇപ്രകാരമാണ്. ഖുത്വുബക്ക്  രണ്ട് ഭാഗങ്ങളുണ്ടല്ലോ. അര്‍കാനുകളും തവാബിഉകളും. അര്‍കാനുകള്‍ അറബിയിലായിരിക്കണമെന്ന് ഫുഖഹാക്കള്‍ പറഞ്ഞതിനാല്‍ സമ്മതിക്കാം. എങ്കിലും തവാബിഉകള്‍ അറബിയാകല്‍ നിബന്ധനയില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അ വയെങ്കിലും പരിഭാഷപ്പെടുത്തുന്നത് ശരിയല്ലേ.
ശരിയല്ല. കാരണം അനുബന്ധങ്ങള്‍ അറബിയിലാകല്‍ നിബന്ധനയല്ലെന്ന് പറഞ്ഞത് അവ പരിഭാഷപ്പെടുത്താമെന്ന അനുമതിയല്ല. ഫിഖ്ഹുമായി ബന്ധപ്പെട്ട ഏതൊരു വി ദ്യാര്‍ഥിക്കും ഇത് മനസ്സിലാകും. എങ്കിലും അല്‍പ്പം വിശദീകരിക്കാം. ആദ്യമായി അ വയെ പരാമര്‍ശിക്കുന്ന ഉദ്ധരണികള്‍ കാണുക.
“ഖുത്വുബയുടെ അര്‍കാനുകള്‍ അറബിയിലാകല്‍ നിബന്ധനയാണ്. അര്‍കാനുകളല്ലാത്തതിനെ കൂടാതെ’ (തുഹ്ഫ 2/450, നിഹായ 2/317).
“അര്‍കാനുകള്‍ മുഴുവന്‍ അറബിയിലാകല്‍ നിബന്ധനയാണ്. അര്‍കാനല്ലാത്തതില്‍ അറബിയല്ലാത്ത ഭാഷ കൊണ്ട് വരല്‍ ഖുത്വുബയെ ബുദ്ധിമുട്ടാക്കുകയില്ല” (ഖല്‍യൂബി 1/278).
ഏതൊരു ആരാധനയും പരിഗണനീയമാകാന്‍ ആവശ്യമായ കാര്യം അതിന്റെ റുക്നുകളാണ്. അവയാണ് ഘടകങ്ങള്‍. ഘടകങ്ങള്‍ക്ക് പുറമെ യാതൊന്നും ഏതൊരു കാര്യത്തി നും നിര്‍ബന്ധമില്ല. അതുപോലെ ഖുത്വുബയിലും അതിന്റെ അസ്തിത്വം ഈ റുക്നുകള്‍ തന്നെ. ആയതിനാല്‍ ഖുത്വുബക്ക് ഒരു നിബന്ധന വെക്കുമ്പോള്‍ ആ നിബന്ധന ശര്‍ത്വ് എന്ന നിലയില്‍ റുക്നുകളോട് മാത്രമേ ബന്ധിക്കാവൂ. ഖുത്വുബയെ ഖുത്വുബയാക്കുന്നത് റുകുനുകളാണ്. അവക്ക് അറബി ശര്‍ത്വാണ്. അനുബന്ധങ്ങള്‍ ഖുത്വുബയില്‍ ഉണ്ടായിരിക്കണമെന്ന് തന്നെയില്ല. അതിനാല്‍ അവക്ക് അറബി ഭാഷ നല്‍കല്‍  ഖുത്വുബയുടെ സാധുതക്ക് ശര്‍ത്വാണെന്ന് പറഞ്ഞുകൂടാ. പക്ഷേ, അനുബന്ധങ്ങള്‍ ഖുത്വുബയുടെ അനുബന്ധങ്ങളായി പരിഗണിക്കപ്പെടാന്‍ അറബിയ്യത് ശര്‍ത്വാകുമോ എന്നത് വേ റെ കാര്യം. ഇതൊന്ന് പരിശോധിക്കാം.
മന്‍ഹജിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഖാസിം(റ) എഴുതുന്നു: “ഖുത്വുബയുടെ റുക്നുകള്‍ അറബിയിലാകണമെന്നുപറഞ്ഞത് കൊണ്ട് അനുബന്ധങ്ങള്‍ അനറബിയിലായാലും പന്തികേടില്ലെന്നു വരുന്നു. പക്ഷേ, ഇപ്പറഞ്ഞത് അനറബി കൊണ്ട് റുക്നുകള്‍ ക്കിടയില്‍ ദൈര്‍ഘ്യം സംഭവിച്ചിട്ടില്ലെങ്കിലാണ്. പ്രത്യുത സംഭവിച്ചുപോയാല്‍ റുക്നുകള്‍ തുടരെയാകണണെന്ന നിബന്ധനക്ക് ഹാനിയാകുന്നു അത്. റുക്നുകള്‍ക്കിടയില്‍ ദീര്‍ഘനേരം മിണ്ടാതിരിക്കുന്നതിന് തുല്യമാണ് അനറബി ഭാഷ കൊണ്ട് വരല്‍. പരിഗണനീയമല്ലാത്ത  നിഷ്ഫലമാണത്. അറബി ഉച്ചരിക്കാന്‍ കഴിവുള്ളതോടെ അനറബി മതിയാകില്ലെന്നതാണ് കാരണം. അപ്പോള്‍ ആ അനറബി തികച്ചും നിഷ്ഫലമാണ്” (ഹാശിയതുന്നിഹായ, 2/317).
ചുരുക്കത്തില്‍ ഖുത്വുബ സാധുതക്ക് അര്‍കാനുകള്‍ അറബിയാകല്‍ നിബന്ധനയാകും പോലെ അനുബന്ധങ്ങള്‍ അനുബന്ധമായി ഗണിക്കാനും അനുബന്ധങ്ങള്‍ കൊണ്ടുവന്നത് മതിയാകാനും അവയും അറബിയാകല്‍ ശര്‍ത്വാണ്. ശര്‍ത്വില്ലാതെ ഏതൊരു ഇബാദത്തും കൊണ്ടുവരുന്നത് കുറ്റകരമാണെന്നാണ് നിയമം (ഇമാം ഇബ്നുദഖീഖിന്റെ ഇഹ്കാമുല്‍ അഹ്കാം, 2/10).
അപ്പോള്‍ അനുബന്ധങ്ങള്‍ തീരേ കൊണ്ടുവരാതെ അര്‍കാനുകള്‍ മാത്രം ഉള്‍െക്കാള്ളി ച്ച് ഖുത്വുബ നിര്‍വഹിച്ചാല്‍ സ്വഹീഹാകുന്നത് പോലെ അനുബന്ധങ്ങള്‍ സമയദൈര്‍ ഘ്യമാകാതെ ഇതരഭാഷകളില്‍ കൊണ്ടുവന്ന് അര്‍കാനുകള്‍ മാത്രം അറബിയിലായാ ലും ഖുത്വുബ സാധുവാകും. പക്ഷേ, അനുബന്ധങ്ങള്‍ തീരേ കൊണ്ടുവന്നില്ലെങ്കില്‍ അതുകൊണ്ട് കുറ്റം വരുന്നില്ല. പ്രത്യുത അവ അനറബിയില്‍ കൊണ്ടുവന്ന് നിഷ്ഫലമാക്കിയാല്‍ അത് ഫലപ്രദമാകാന്‍ നിബന്ധനയായ അറബിയ്യത്ത് ഇല്ലാത്തതുകൊണ്ട് തെറ്റും കുറ്റകരവുമാകുന്നു. സുന്നത്ത് നിസ്കരിച്ചില്ലെങ്കില്‍ കുറ്റം വരുന്നില്ല. എന്നാല്‍ സുന്നത്ത് സുന്നത്തായി വീടാന്‍ നിബന്ധനയായ ശുദ്ധി കൂടാതെ സുന്നത്ത് നിസ്കരിച്ചാല്‍ തെറ്റും കുറ്റകരവുമാകുന്നു. മാത്രമല്ല, ഒരു വിഷയത്തിന് ഏതെങ്കിലുമൊരു കാര്യം  ശര്‍ത്വില്ല എന്നതുകൊണ്ട് അത് അനുവദനീയമാണെന്ന് വരില്ല. ഒരുപക്ഷേ, ഈ ശര്‍ത്വില്ലാതെ ആ കാര്യം തന്നെ പ്രവര്‍ത്തിക്കല്‍ ഹറാമായിരിക്കും. ഉദാഹരണം, നിസ് കാരവും വുളൂഉം സ്വഹീഹാകാന്‍ വുളൂഅ് എടുക്കുന്ന വെള്ളം അപഹരിക്കപ്പെട്ടതാകാതിരിക്കാന്‍ ശര്‍ത്വില്ല. അപഹരിച്ച വെള്ളം കൊണ്ട് വുളൂഅ് ചെയ്താലും നിസ്കാരവും വുളൂഉം സ്വഹീഹാകും. പക്ഷേ, അങ്ങനെ പ്രവര്‍ത്തിക്കല്‍ കഠിനമായ ഹറാമാകുന്നു” (ജംഉല്‍ ജവാമിഅ് 1/260).
ഇതുപോലെ തന്നെയാണ് ഖുത്വുബയുടെ കാര്യവും. അതിലെ തവാബിഉകള്‍ അറബിയാകല്‍ ഖുത്വുബയുടെ സ്വീകാര്യതക്ക് ശര്‍ത്വില്ല. എങ്കിലും സമയദൈര്‍ഘ്യം കൊണ്ട് തു ടര്‍ച്ച മുറിക്കുന്നുവെന്നതിനാലും നബി(സ്വ)യോടും പതിനാല് നൂറ്റാണ്ടുകാലത്തെ മു സ്ലിം ലോകത്തിനോടും എതിരാകുന്നുവെന്നതിനാലും ഹറാമ് വന്നുചേരുന്നു. അതിനാ ല്‍ തവാബിഉകള്‍ ചുരുക്കരൂപത്തില്‍ പരിഭാഷപ്പെടുത്തിയ ഖുത്വുബ അര്‍കാനുകള്‍ അറബിയായതുകൊണ്ടും അവക്കിടയില്‍ സമയദൈര്‍ഘ്യമില്ലാത്തതുകൊണ്ടും സ്വഹീഹാകും. അനുബന്ധങ്ങള്‍ അനറബിയിലായതുകൊണ്ട് ഹറാമുമാകുന്നു. ഖല്‍യൂബിയില്‍ പറഞ്ഞ ബുദ്ധിമുട്ടില്ലെന്നതിന്റെ അര്‍ഥം ഖുത്വുബയുടെ സാധുതയെ ബാധിക്കുന്നില്ലെന്ന് മാത്രമാണ്. എങ്കിലും കാര്യം ഹറാമുതന്നെ.

11:08 | Posted in | Read More »